KeralaLatest NewsNews

പുതുപ്പള്ളിയില്‍ കനത്ത മഴയിലും ഭേദപ്പെട്ട പോളിംഗ്, ബൂത്തുകളില്‍ നീണ്ട നിര

കോട്ടയം: കനത്ത മഴയ്ക്കിടയിലും പുതുപ്പള്ളിയില്‍ പോളിംഗ് പുരോഗമിക്കുന്നു. ഇതുവരെ ഭേദപ്പെട്ട പോളിംഗ് ആണ് രേഖപ്പെടുത്തിയത്. പാമ്പാടി, അയര്‍ക്കുന്നം, പുതുപ്പള്ളി, മണര്‍കാട് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്ത മഴ. ഉച്ച സമയവും മഴയും കാരണം വോട്ടിംഗ് മന്ദഗതിയിലാണ് തുടരുന്നത്. എന്നാല്‍ രാവിലെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരയായിരുന്നു.

Read Also: കാറില്‍ കടത്താൻ ശ്രമം: കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ യുവാക്കള്‍ അറസ്റ്റിൽ

ഇത്തവണ കഴിഞ്ഞ തവണത്തെ പോളിംഗ് ശതമാനം മറികടന്നേക്കുമെന്ന പ്രതീക്ഷയിലാണ് മുന്നണികള്‍. 2021ല്‍ 74.84 ശതമാനമായിരുന്നു പുതുപ്പള്ളിയിലെ പോളിംഗ്. ഇത്തവണ കടുത്ത പോരാട്ടം നടക്കുമെന്നതിനാല്‍ പോളിംഗ് ശതമാനം ഉയരുമെന്നാണ് പ്രതീക്ഷ. വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മനും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി
ജെയ്ക് സി തോമസും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. തികഞ്ഞ വിജയപ്രതീക്ഷയിലാണ് ചാണ്ടി ഉമ്മന്‍. രാഷ്ട്രീയ സാഹചര്യങ്ങളുടെ വിലയിരുത്തലായിരിക്കും തിരഞ്ഞെടുപ്പെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ‘അപ്പയില്ലാത്ത വോട്ടെടുപ്പ് ആണ് ഇത്തവണത്തേത്. എല്ലാ തവണയും അപ്പയുണ്ടായിരുന്നു. വിഷമമുണ്ട്. എന്നാല്‍ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിയാകാനുള്ള ജനങ്ങളുടെ താല്‍പര്യം ആഹ്‌ളാദം നല്‍കുന്നതാണ്. പുതുപ്പള്ളിയില്‍ പോസിറ്റീവ് പ്രതികരണമാണുള്ളത്’,ചാണ്ടി ഉമ്മന്‍ പറഞ്ഞു.

രാവിലെ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂത്തിലെത്തിയാണ് ചാണ്ടി ഉമ്മന്‍ വോട്ട് ചെയ്തത്. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാരും ഒപ്പമുണ്ടായിരുന്നു. പുതുപ്പളളി പളളിയിലും പിതാവ് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലുമെത്തി പ്രാര്‍ത്ഥിച്ച ശേഷമാണ് ചാണ്ടി ഉമ്മന്‍ പോളിംഗ് ബൂത്തിലെത്തിയത്.

ഒരു മണിക്കൂര്‍ ക്യൂവില്‍ നിന്നാണ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂത്തില്‍ ജെയ്ക് സി തോമസ് വോട്ട് രേഖപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ വിവാദങ്ങള്‍ക്കോ വ്യക്തിപരമായ ന്യൂനതകള്‍ക്കോ മഹത്വങ്ങള്‍ക്കോ അല്ല സ്ഥാനമെന്ന് ജെയ്ക് പറഞ്ഞു.

അതേസമയം, എന്‍ഡിഎ സ്ഥാനാര്‍ത്ഥി ലിജിന്‍ ലാല്‍ കടത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോട്ടില്ല. എന്നാല്‍ വിജയ പ്രതീക്ഷയുണ്ടെന്നും എന്‍ഡിഎ വികസനത്തിന് വേണ്ടിയുള്ള പോരാട്ടത്തിലാണെന്നും ലിജിന്‍ ലാല്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button