ഒട്ടാവ : വിദേശ വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനൊരുങ്ങി കാനഡ. കടുത്ത ഭവന പ്രതിസന്ധിയെ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 5 വര്‍ഷം കൊണ്ട് കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ 75 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. 2022-ല്‍ 8 ലക്ഷത്തിലധികമായിരുന്നു കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം.
ആവശ്യക്കാര്‍ കൂടിയതോടെ കാനഡയില്‍ വീടുകളുടെ വിലയും വാടകയും കൂടിയതോടെ ഭവനമേഖലയില്‍ കടുത്ത പ്രതിസന്ധി നേരിടുകയാണെന്ന് അധികൃതര്‍ പറഞ്ഞു. ഭവനമേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ വിദേശത്തു നിന്നുള്ള വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്ന കാര്യം ആലോചിക്കുന്നതായി ഹൗസിംഗ് മന്ത്രി ഷോണ്‍ ഫ്രേസര്‍ അറിയിച്ചു.
കാനഡയില്‍ വീടു വാങ്ങുന്നതിനായി ശരാശരി 5 കോടി രൂപയിലധികം ചിലവിടണമെന്നാണ് പുറത്തു വരുന്ന കണക്കുകള്‍. ജനങ്ങള്‍ക്ക് ഭവന വായ്പ അടച്ചു തീര്‍ക്കാന്‍ 30 വര്‍ഷമെങ്കിലും സമയം ആവശ്യമായി വരുന്ന സ്ഥിതിയാണ് നിലവിലുള്ളത്. ഇത് പരിഹരിക്കാനാണ് കനേഡിയന്‍ ഭരണകൂടം വിദ്യാര്‍ത്ഥി വിസയില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments