ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് നടത്തുന്നത് പരിശോധിക്കാന്‍ തയ്യാറെടുപ്പുകള്‍ ആരംഭിച്ച് കേന്ദ്രം. വിഷയത്തില്‍ കേന്ദ്ര നിയമ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ശുപാര്‍ശകള്‍ നല്‍കാനുള്ള ഉന്നതതല സമിതിയുടെ തലവനായ മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചു. സമിതിക്ക് മുമ്പാകെയുള്ള അജണ്ടയെക്കുറിച്ച് അറിയാനായിരുന്നു സന്ദര്‍ശനം. നിയമസെക്രട്ടറി നിതന്‍ ചന്ദ്ര, ലെജിസ്ലേറ്റീവ് സെക്രട്ടറി റീത്ത വസിഷ്ഠ തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
Read Also: വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ വീണ്ടും പറന്നുയർന്നു, രണ്ടാമതും വിജയകരമായ സോഫ്റ്റ് ലാൻഡിംഗ്
ശനിയാഴ്ച എട്ടംഗ സമിതിയെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നിതന്‍ ചന്ദ്രയാണ് ഉന്നതതല സമിതിയുടെ സെക്രട്ടറി. തിരഞ്ഞെടുപ്പ് വിഷയങ്ങളും ജനപ്രാതിനിധ്യ നിയമവും അനുബന്ധ ചട്ടങ്ങളും റീത്ത വസിഷ്ഠയാണ് കൈകാര്യം ചെയ്യുന്നത്.
‘1951-52 മുതല്‍ 1967 വരെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും തിരഞ്ഞെടുപ്പുകള്‍ ഒരേസമയം നടന്നിരുന്നു. അതിനുശേഷം ഈ രീതി അവസാനിച്ചു. ഇപ്പോള്‍ മിക്കവാറും എല്ലാ വര്‍ഷവും ഒരു വര്‍ഷത്തിനുള്ളില്‍ വ്യത്യസ്ത സമയങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത് ഗവണ്‍മെന്റിനും മറ്റുള്ളവര്‍ക്കും വലിയ ചെലവുകള്‍ക്ക് കാരണമാകുന്നു. കൂടാതെ സുരക്ഷാ സേനയെയും മറ്റ് ഇലക്ടറല്‍ ഓഫീസര്‍മാരെയും അവരുടെ പ്രാഥമിക ചുമതലകളില്‍ നിന്ന് വലിയ കാലത്തോളം മാറി നില്‍ക്കാനും കാരണമാകുന്നു’, എന്ന് ശനിയാഴ്ച അവതരിപ്പിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നു.
ലോക്‌സഭയിലേക്കും സംസ്ഥാന നിയമസഭകളിലേക്കും ഒരേസമയം തിരഞ്ഞെടുപ്പ് എന്ന ആശയത്തെ പിന്തുണച്ച നിയമ കമ്മീഷനുകളുടെയും പാര്‍ലമെന്ററി പാനലുകളുടെയും റിപ്പോര്‍ട്ടുകള്‍ പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സെപ്റ്റംബര്‍ 18 മുതല്‍ 22 വരെ നടക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ കേന്ദ്രം ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ അഭ്യൂഹങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക നീക്കം.
Post Your Comments