രാജ്യത്ത് ഓഗസ്റ്റ് മാസത്തിലെ ജിഎസ്ടി വരുമാനം 1.59 ലക്ഷം കോടി രൂപയായി ഉയർന്നു. ധനമന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, മുൻ വർഷം ഓഗസ്റ്റിനേക്കാൾ ഇത്തവണ 11 ശതമാനത്തിന്റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 ഓഗസ്റ്റിൽ 1.4 കോടി രൂപയാണ് ജിഎസ്ടി ഇനത്തിൽ ലഭിച്ച വരുമാനം. ഈ വർഷം ഓഗസ്റ്റിലെ 1.59 കോടി രൂപയിൽ, 28,328 കോടി രൂപ കേന്ദ്ര ജിഎസ്ടിയും, 35,794 കോടി രൂപ സംസ്ഥാന ജിഎസ്ടിയുമാണ്. അതേസമയം, ചരക്കുകളുടെ ഇറക്കുമതിയിൽ നിന്ന് പിരിച്ചെടുത്ത 43,550 കോടി രൂപ ഉൾപ്പെടെ 83,251 കോടി രൂപയാണ് സംയോജിത ജിഎസ്ടി ഇനത്തിൽ ലഭിച്ചിട്ടുള്ളത്. ഇത്തവണത്തെ സെസ് 11,695 കോടി രൂപയാണ്.
മുൻ വർഷത്തേക്കാൾ ഓഗസ്റ്റിൽ ജിഎസ്ടി വരുമാനം 11 ശതമാനം ഉയർന്നിട്ടുണ്ടെങ്കിലും, ഈ വർഷം ജൂൺ, ജൂലൈ മാസങ്ങളിൽ പിരിച്ചെടുത്ത തുകയുമായി താരതമ്യം ചെയ്യുമ്പോൾ കുറവാണ്. ജൂലൈയിൽ 1.6 കോടി രൂപയാണ് ജിഎസ്ടി വരുമാനമായി ലഭിച്ചിട്ടുള്ളത്. ജൂലൈയിൽ ആഭ്യന്തര ഇടപാടുകളിൽ നിന്നുള്ള വരുമാനം മുൻ വർഷത്തെ അപേക്ഷിച്ച് 15 ശതമാനം കൂടുതലാണെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇനി വരാനിരിക്കുന്ന മാസങ്ങൾ ഉത്സവ സീസണുകൾ ആയതിനാൽ ജിഎസ്ടി വരുമാനം ഉയർന്നേക്കുമെന്നാണ് വിലയിരുത്തൽ.
Also Read: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ യോഗി ആദിത്യനാഥ്
Post Your Comments