തൃശൂര്‍: തൃശൂര്‍ കുന്നംകുളം അഞ്ഞൂരില്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയ മൃതദേഹം കഴിഞ്ഞ ദിവസം കാണാതായ പ്രതീഷിന്റേതെന്ന് സംശയം. സുഹൃത്ത് മൃതദേഹം തിരിച്ചറിഞ്ഞെങ്കിലും വിശദമായ പരിശോധന വേണമെന്ന നിലപാടിലാണ് പൊലീസ്. അഞ്ഞൂര്‍ സ്വദേശി ശിവരാമന്റെ സ്ഥലത്തെ സെപ്റ്റിക് ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ശിവരാമന്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്തിരുന്നു.
രണ്ട് മാസം മുമ്പാണ് പ്രതീഷ് എന്നയാളെ കാണാതാകുന്നത്. ബെംഗളൂരുവിലേക്ക് പോകുകയാണെന്നും ഓണത്തിന് മടങ്ങി വരുമെന്നും ആയിരുന്നു ഇയാള്‍ ഭാര്യയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇയാള്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നാം തിയതി ഭാര്യ പൊലീസില്‍ പരാതി നല്‍കി. അതേ സമയം, കഴിഞ്ഞമാസം 25-ാം തിയതിയാണ് ശിവരാമന്‍ എന്നയാള്‍ തൂങ്ങി മരിക്കുന്നത്. പ്രതീഷിനെ കാണാതായ സംഭവം അന്വേഷിക്കുന്നതിനിടെയാണ് പൊലീസിന് ചില സൂചനകള്‍ ലഭിക്കുന്നത്. മരിച്ച ശിവരാമനും പ്രതീഷും സുഹൃത്തുക്കളായിരുന്നെന്നും പ്രതീഷ് രണ്ട് കൊലപാതക കേസുകളിലെ പ്രതിയായിരുന്നു എന്നുമാണ് പൊലീസിന് ലഭിച്ച വിവരം.
മാത്രമല്ല പ്രതീഷിന്റെ പേരില്‍ ആറിലധികം ക്രിമിനല്‍ കേസുകളുണ്ടെന്നും പൊലീസിന് വ്യക്തമായി. പ്രതീഷ് ശിവരാമന്റെ വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കവെ ഇന്ന് രാവിലെയാണ് സംഭവവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന പ്രതീഷിന്റെ സുഹൃത്തില്‍ നിന്ന് ചില വിവരങ്ങള്‍ പൊലീസിന് ലഭിക്കുന്നത്. ഇവിടുത്തെ സെപ്റ്റിക് ടാങ്കിന്റെ ഭാഗത്തെ മണ്ണ് ഇളകിക്കിടക്കുന്നു എന്നായിരുന്നു വിവരം.
തുടര്‍ന്ന് സെപ്റ്റിക് ടാങ്ക് ഇളക്കി പരിശോധിച്ചപ്പോഴാണ് ജീര്‍ണിച്ച അവസ്ഥയില്‍ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു ചെവി മൃതദേഹത്തിന് ഇല്ല എന്ന് കണ്ടെത്തിയത് സുഹൃത്താണ്. അതുകൊണ്ട് തന്നെ ഈ മൃതദേഹം പ്രതീഷിന്റേതാണ് എന്ന പ്രാഥമിക നിഗമനത്തില്‍ എത്തിയിരിക്കുകയാണ് പൊലീസ് . കൊലപാതകമാണ് എന്ന രീതിയിലാണ് പൊലീസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്തിന് വേണ്ടി, ആര് കൊലപ്പെടുത്തി എന്നാണ് ഇനി പൊലീസിന് മുന്നിലുള്ള ചോദ്യം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Post Your Comments