മാവേലിക്കര (ആലപ്പുഴ): മാവേലിക്കരയിൽ നാലര വയസ്സുകാരിയെ വീട്ടുമുറ്റത്തുനിന്നു തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് പിടിയിൽ. അന്യസംസ്ഥാന തൊഴിലാളിയായ മനീത് സിങ് ആണ് പിടിയിലായത്. തഴക്കര കല്ലിന്മേൽ വരിക്കോലയ്യത്ത് ഏബനസർ വില്ലയിൽ ഫെബിന്റെയും ജീനയുടെയും മകൾ ഇവാ ഫെബിനെയാണ് ഇയാൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യു.പി സ്വദേശിയായ ഇയാളെ നാട്ടുകാർ കൈയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇവയും സഹോദരൻ ഡെനിൽ ഫെബിനും (എട്ട്) വീട്ടുമുറ്റത്തു പൂക്കളം ഇട്ടു കളിക്കുകയായിരുന്നു. ഡെനിൽ പൂക്കൾ ശേഖരിക്കുന്നതിന് വേണ്ടി സൈക്കിൾ എടുത്ത് പുറത്തേക്ക് പോയി. ഈ സമയം മനീത് ഈ വഴി വരികയായിരുന്നു. ടൈൽ വൃത്തിയാക്കുന്നതിനുള്ള ലായനി വിൽക്കുന്നതിനായിട്ടായിരുന്നു ഇയാൾ എത്തിയത്. പരിസരത്ത് ആരുമില്ലെന്ന് കണ്ടതോടെ ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തുകയായിരുന്നു.
ഇയാൾ ഇവയെ കഴുത്തിൽ കുത്തിപ്പിടിച്ചു പൊക്കിയെടുത്തു വീട്ടുമുറ്റത്തു ഉണ്ടായിരുന്ന ബുള്ളറ്റിന്റെ സൈലൻസറിൽ ഇരുത്തി. ഈ സമയം വീട്ടിലേക്ക് മടങ്ങിവന്ന സഹോദരൻ ഇത് കണ്ട് ഉറക്കെ നിലവിളിച്ചു. മനീത് കുട്ടിയെ ഉപേക്ഷിച്ചു സമീപത്തെ ഓട ചാടിക്കടന്നു രക്ഷപ്പെട്ടു. വിവരമറിഞ്ഞെത്തിയ സമീപവാസികളും വീട്ടുകാരും ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു. സമീപപ്രദേശത്ത് വെച്ച് തന്നെ മനീതിനെ നാട്ടുകാർ പിടികൂടി. കുട്ടികൾ ഇയാളെ തിരിച്ചറിഞ്ഞു.
Post Your Comments