ആകാശത്ത് വർണ്ണവിസ്മയം തീർക്കാൻ പുതിയൊരു പ്രതിഭാസം കൂടി എത്തുന്നു. വാന നിരീക്ഷകരെ ആവേശം കൊള്ളിക്കാൻ ഇത്തവണ സൂപ്പർ ബ്ലൂ മൂൺ ആണ് ആകാശത്ത് തെളിയുക. മാസത്തിൽ ഒരിക്കൽ ഉണ്ടാകുന്ന രണ്ടാമത്തെ പൂർണ ചന്ദ്രനെയാണ് ബ്ലൂ മൂൺ എന്ന് അറിയപ്പെടുന്നത്. പൂർണ ചന്ദ്രൻ സാധാരണയായി മാസത്തിൽ ഒരിക്കലാണ് ദൃശ്യമാകുക. എന്നാൽ, ബ്ലൂ മൂൺ ഉള്ളപ്പോൾ ഇത് രണ്ട് തവണയാകും. ചന്ദ്രന്റെ ഭ്രമണപഥം ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന സമയത്തെ പൂർണ ചന്ദ്രനെയാണ് സൂപ്പർ ബ്ലൂ മൂൺ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്.
ഈസ്റ്റേൺ ഡേലൈറ്റ് ടൈം പ്രകാരം, ഈ മാസത്തെ രണ്ടാം സൂപ്പർ മൂൺ ഇന്ന് രാത്രി 7.10ന് കാണാം. ഇന്ത്യയിൽ നാളെ പുലർച്ചെ 4.30നാകും ഈ പ്രതിഭാസം ദൃശ്യമാവുക. ബ്ലൂ മൂൺ ദൃശ്യമാവുക നാളെ പുലർച്ചെ (EDT) 6.46 നാണ്. ഇന്ത്യൻ സമയം വൈകീട്ട് 4.16നാണ് ഇത്. സൂപ്പർ മൂൺ ഇന്ത്യയിലുള്ളവർക്ക് കാണാൻ സാധിക്കുമെങ്കിലും ബ്ലൂ മൂൺ കാണാൻ സാധിക്കുമോ എന്ന് സംശയമുണ്ട്. നാസയുടെ റിപ്പോർട്ട് അനുസരിച്ച്, അടുത്ത സൂപ്പർ ബ്ലൂ മൂൺ സംഭവിക്കുക 14 വർഷങ്ങൾക്ക് ശേഷമാണ്. ബ്ലൂ മൂൺ എന്നാണ് ഇതിനെ വിളിക്കുന്നതെങ്കിലും അക്ഷരാർത്ഥത്തിൽ ഇത് നീല നിറത്തിലുള്ള ചന്ദ്രനല്ല. ഈ സമയത്ത് ഓറഞ്ച് നിറത്തിലാണ് ചന്ദ്രൻ ദൃശ്യമാകുക.
Post Your Comments