
പ്രപഞ്ച രഹസ്യങ്ങള്‍ ഇന്നും മനുഷ്യന് പിടിതരാത്ത ഒന്നാണ്. ആ പ്രപഞ്ച രഹസ്യങ്ങളുടെ ചുരുളുകള്‍ ശാസ്ത്രജ്ഞന്‍മാര്‍ അഴിച്ചെടുക്കാന്‍ നോക്കുന്നുണ്ടെങ്കിലും ഇന്നും മനുഷ്യന് അത് അപ്രാപ്യമായി തന്നെ തുടരുന്നു. ചിലര്‍ പ്രപഞ്ചത്തില്‍ സംഭവിയ്ക്കുന്ന അസാധാരണ കാര്യങ്ങളെ അന്ധവിശ്വാസങ്ങളുടെ ചരടുമായി കൂട്ടിയിണക്കുന്നു. എന്നാല്‍ ഇവിടെ സംഭവിയ്ക്കുന്നത് പ്രപഞ്ച സത്യങ്ങള്‍ മാത്രം.
2018 ന്റെ തുടക്കത്തില്‍ തന്നെ ഒരു അത്യപൂര്‍വ്വ ദൃശ്യത്തിന് സാക്ഷ്യം വഹിക്കാന്‍ പോവുകയാണ് ലോകം. ഇത്രകാലം കണ്ടതുപോലെയുള്ള ചന്ദ്ര ബിംബത്തെ ആയിരിക്കില്ല ജനുവരി 31 രാത്രി ലോകം കാണുക. അത് ചുവപ്പ് നിറത്തിലായിരിക്കും…
ഇരുപതാം നൂറ്റാണ്ടിലെ മഹാന്‍മാരായ ജ്യോതിശാസ്ത്രജ്ഞരൊന്നും കണ്ടിട്ടില്ലാത്ത പ്രപഞ്ച വിസ്മയത്തിനാണ് നമ്മള്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. മറ്റെന്തു മറന്നാലും ജനുവരി 31 ന് വൈകുന്നേരം 6.21 മുതല്‍ 7.37 വരെ മാനത്ത് നോക്കാന്‍ മറക്കരുത്.
152 വര്‍ഷങ്ങള്‍ക്കു ശേഷമുണ്ടാകുന്ന ഈ പ്രപഞ്ച യാഥാര്‍ഥ്യത്തെ ശാസ്ത്രലോകം വിളിക്കുന്നത് Blue Blood Super moon Total Eclipse എന്നാണ്.
എന്താണീ അപൂര്‍വ പ്രതിഭാസമെന്ന് പരിശോധിക്കാം
Blue Moon
ഒരു കലണ്ടര്‍ മാസത്തില്‍ ഉണ്ടാകുന്ന രണ്ടാമത്തെ വെളുത്ത വാവിനെ സയന്‍സ് കമ്യൂണിറ്റി വിളിക്കുന്ന പേരാണിത്. അപൂര്‍വമായത് എന്ന പ്രയോഗമാണ് (Once upon a Blue moon) ഇതിന് പിന്നിലുള്ളത്. ചന്ദ്രന്റെ നിറവുമായി ബന്ധമൊന്നുമില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ബ്ലൂ മൂണ്‍ എന്നാല്‍ ഒരു ഋതുവില്‍ നാല് വെളുത്ത വാവുണ്ടായാല്‍ മൂന്നാമത്തെ വെളുത്ത വാവെന്നും പറയാം.
Super Moon
ചന്ദ്രന്‍ ഭൂമിയെ പ്രദക്ഷിണം ചെയ്യുന്നത് 3,54,000 കിലോമീറ്ററും 4,10,000 കിലോമീറ്ററും ഉള്ള ഒരു ദീര്‍ഘ വൃത്ത പഥത്തിലാണ്. ഓരോ മാസവും ചന്ദ്രന്‍ ഇതിലൂടെ കടന്നു പോകും. അത്യപൂര്‍വമായി ചന്ദ്രന്‍ ഭൂമിയുടെ തൊട്ടടുത്തെത്തുമ്പോള്‍ വെളുത്ത വാവ് സംഭവിച്ചാല്‍ അതിനെ പറയുന്ന പേരാണ് സൂപ്പര്‍ മൂണ്‍. ഈ സമയം ചന്ദ്രബിംബത്തിന്റെ വലിപ്പം 14 ശതമാനം വരെ കൂടുതലായി ദൃശ്യമാകും.
Blood Moon
ഗ്രഹണ സമയത്ത് ഭൂമി പൂര്‍ണമായും ചന്ദ്രനെ മറച്ചാലും ഭൗമാന്തരീക്ഷത്തില്‍ വച്ച് സൂര്യ രശ്മികള്‍ക്കുണ്ടാകുന്ന അപഭ്രംശം കാരണം പ്രകാശകിരണങ്ങള്‍ ചന്ദ്രനില്‍ പതിക്കും. ഇങ്ങനെ പതിച്ചതിനു ശേഷം പ്രതിഫലിക്കുന്ന കിരണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വാതകത തന്മാത്രകളും ധൂളികളുമായി കൂട്ടിമുട്ടുകയും തരംഗദൈര്‍ഘ്യം കുറഞ്ഞ വര്‍ണ രാശികള്‍ക്ക് വിസരണം സംഭവിക്കുകയും ചെയ്യും. തരംഗദൈര്‍ഘ്യം കൂടിയ ഓറഞ്ച്, ചുവപ്പ് വര്‍ണങ്ങള്‍ മാത്രമേ നിരീക്ഷകന് കാണാന്‍ കഴിയൂ. അതായത് പൂര്‍ണ ചന്ദ്രഗ്രഹണസമയത്ത് ചന്ദ്രന്റെ നിറം ചോര പോലെ ചുമപ്പായിരിക്കും. കറുപ്പാകില്ല.
Total Eclipse
നിഴല്‍ ശ്രദ്ധിച്ചിരിക്കുമല്ലോ. അതിനൊരു കട്ടികൂടിയ ഭാഗവും കട്ടി കുറഞ്ഞ ഭാഗവുമുണ്ടല്ലോ. അന്തരീക്ഷമുള്ള ഒരു സ്ഥലത്തു മാത്രമേ ഇതു സംഭവിക്കു. ഭൂമിക്ക് അന്തരീക്ഷമുള്ളതുകൊണ്ട് ചന്ദ്രനില്‍ ഗ്രഹണ സമയത്ത് ഈ നിഴലുകള്‍ വീഴും. നിഴലിന്റെ കട്ടി കൂടിയ ഭാഗത്തെ അംബ്ര എന്നും കട്ടി കുറഞ്ഞ ഭാഗത്തെ പെനംബ്ര എന്നുമാണ് പറയുന്നത്.
അംബ്രയ്ക്ക് കാരണമാകുന്ന ഭൂമിയുടെ ഭാഗത്ത് നിന്ന് നോക്കുന്ന നിരീക്ഷകന് പൂര്‍ണ ചന്ദ്രഗ്രഹണവും പെനംബ്രയ്ക്ക് കാരണമാകുന്ന ഭൂഭാഗത്തു നിന്ന് നോക്കുന്ന നിരീക്ഷകന് ഭാഗിക ചന്ദ്രഗ്രഹണവുമായിരിക്കും ദൃശ്യമാവുക.
ജനുവരി 31 ലെ ചന്ദ്രഗ്രഹണം : അസാധാരണം
ബ്ലൂ മൂണും സൂപ്പര്‍ മൂണും പൂര്‍ണ ചന്ദ്രഗ്രഹണവും ഒരുമിച്ചുണ്ടാവുക. ഇതിന് മുമ്പ് ഇത്തരം ഒരു പ്രതിഭാസം സംഭവിച്ചത് 1866 ല്‍ ആണ്. അതെ , 152 വര്‍ഷങ്ങള്‍ക്ക് മുമ്പ്
Eclipse
സൂര്യന്‍ ഭൂമി ചന്ദ്രന്‍ എന്നീ ക്രമീകരണമുണ്ടായാല്‍ മാത്രമേ വെളുത്ത വാവ് ഉണ്ടാകൂ. അപ്പോള്‍ മാത്രമേ ചന്ദ്ര ഗ്രഹണവും സംഭവിക്കു. സൂര്യന്‍ ചന്ദ്രന്‍ ഭൂമി എന്ന ക്രമീകരണമുണ്ടായാല്‍ കറുത്ത വാവാകും. അപ്പോള്‍ മാത്രമേ സൂര്യഗ്രഹണം ഉണ്ടാകൂ.
എന്നാല്‍ എല്ലാ വെളുത്ത വാവിലും ചന്ദ്രഗ്രഹണവും, എല്ലാ കറുത്ത വാവിലും സൂര്യഗ്രഹണവും ഉണ്ടാകുന്നില്ല. ഇതിന്റെ കാരണം ഭൂമിയുടെയും ചന്ദ്രന്റെയും തമ്മിലുളള elliptical plane ല്‍ ആറ് ഡിഗ്രി ചരിവുള്ളതുകൊണ്ടാണ്. ചില സന്ദര്‍ഭങ്ങളില്‍ ചില സ്ഥാനങ്ങളില്‍ ഈ ചരിഞ്ഞ പഥം synchronize ചെയ്യപ്പെടുകയും പ്രസ്തുത സ്ഥാനങ്ങളില്‍ സൂര്യന്‍, ഭൂമി, ചന്ദന്‍ എന്നീ ഖഗോള പിണ്ഡങ്ങള്‍ എത്തുകയും ചെയ്യുമ്പോഴാണ് ചന്ദ്രഗ്രഹണവും സൂര്യഗ്രഹണവും സംഭവിക്കുന്നത്.
ചന്ദ്ര ഗ്രഹണം നടക്കുമ്പോള്‍ നിറത്തില്‍ വ്യതിയാനും ഉണ്ടാകുന്നത് പതിവ് സംഭവം തന്നെയാണ്. എന്നാല്‍ കടും ചുവപ്പ് നിറം വരുന്നു എന്നത് അത്ര ശുഭകരമല്ല. ഭൂമിയുടെ അന്തരീക്ഷം എത്രത്തോളം മലിനമാണ് എന്നതാണ് അത് സൂചിപ്പിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.. കടലിലെ വേലിയേറ്റത്തിലും വേലിയിറക്കത്തിലും ചന്ദ്രന്റെ സ്വാധീനമുണ്ട്.
ഒരേ ദിവസം തന്നെ ബ്ലഡ് മൂണും സൂപ്പര്‍ മൂണും സംഭവിക്കുന്നത് പ്രകൃതിയില്‍ എന്ത് മാറ്റം ആയിരിക്കും സൃഷ്ടിക്കുക എന്ന ആശങ്കപ്പെടുന്നവരും കുറവല്ല. എന്നാല്‍ അത്തരം പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന മുന്നറിയൊപ്പൊന്നും ശാസ്ത്ര ലോകം നല്‍കുന്നും ഇല്ല.
ജനുവരി 31 ലെ ഈ അസാധാരണ പ്രതിഭാസത്തിന് സാക്ഷ്യം വഹിയ്ക്കാന്‍ ലോകം തയ്യാറെടുത്തു. അതൊടൊപ്പം വന്‍ പ്രകൃതി ദുരന്തങ്ങള്‍ സംഭവിയ്ക്കുമോ എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
Post Your Comments