Latest NewsIndiaNews

അതിർത്തി കടന്ന് അവകാശവാദം; അരുണാചൽ പ്രദേശ് ഉൾപ്പെടുത്തി പുതിയ ഭൂപടവുമായി ചൈന

ബീജിങ്: ചൈന പുതുതായി പുറത്തിറക്കിയ ഔദ്യോഗിക ഭൂപടം വിവാദത്തിൽ. അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ, തായ്‌വാൻ, തർക്കമുള്ള ദക്ഷിണ ചൈനാ കടൽ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് ചൈന പുറത്തിറക്കിയിട്ടുള്ളത്. തിങ്കളാഴ്ച സെജിയാങ് പ്രവിശ്യയിലെ ഡെക്കിംഗ് കൗണ്ടിയിൽ നടന്ന സർവേയിംഗ് ആൻഡ് മാപ്പിങ് പബ്ലിസിറ്റി ഡേയുടെയും നാഷണൽ മാപ്പിംഗ് അവയർനെസ് പബ്ലിസിറ്റി വീക്കിന്‍റെയും ആഘോഷ വേളയിലാണ് ചൈന ‘സ്റ്റാൻഡേർഡ് മാപ്പ് 2023’ പുറത്തിറക്കിയത്. നാച്ചുറൽ റിസോഴ്സ് മന്ത്രാലയമാണ് ഭൂപടം പുറത്തിറക്കിയിരിക്കുന്നത്.

ഭൂപടം ഇറങ്ങിയതിന് പിന്നാലെ ഇതിനെച്ചൊല്ലി ചർച്ചകളും സജീവമായിരിക്കുകയാണ്. ദക്ഷിണാഫ്രിക്കയിൽ ബ്രിക്സ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങും തമ്മിൽ അതിർത്തി വിഷയത്തിൽ സമവായത്തിലെത്തിയെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ ഭൂപടം ഇറങ്ങിയിരിക്കുന്നത്. പുതിയ ഭൂപടം അയൽ രാജ്യങ്ങളുമായുള്ള പിരിമുറുക്കം വർദ്ധിപ്പിക്കും. സർവേയിങ്ങും മാപ്പിങ്ങും ഭൂമിശാസ്ത്രപരമായ വിവരങ്ങളും രാജ്യത്തിന്‍റെ വികസനത്തിന് കരുത്തേകുന്നതിലും ജീവിതത്തിന്‍റെ എല്ലാ മേഖലകളുടെയും ആവശ്യങ്ങൾ നിറവേറ്റുന്നതിലും പരിസ്ഥിതിപരമായി പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ ചീഫ് പ്ലാനർ വു വെൻഷോംഗ് പറയുന്നത്.

മന്ത്രാലയത്തിന്‍റെ സ്റ്റാൻഡേർഡ് മാപ്പ് വെബ്‌സൈറ്റിലാണ് പുതിയ ഭൂപടം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിൽ ദീർഘകാലമായി അഭിപ്രായവ്യത്യാസം തുടരുന്ന അരുണാചൽ പ്രദേശ്, അക്സായി ചിൻ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് ചൈനയുടെ പുതിയ ഭൂപടമെന്നത് വരുംദിവസങ്ങളിൽ അന്താരാഷ്ട്ര തലത്തിൽതന്നെ ചർച്ചയായേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button