ചാന്ദ്ര ദൗത്യത്തിനായി ചെലവായത് 615 കോടിയാണെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ചില ബോളിവുഡ് സിനിമകളുടെ നിർമാണത്തിന് ചിലവായതിന്റെ അത്രയും പോലും ചന്ദ്രയാൻ 3 ന് ചിലവായിട്ടില്ലെന്ന റിപ്പോർട്ട് ഇന്ത്യൻ ജനത അമ്പരപ്പോടെയാണ് കേട്ടത്. ഇന്ത്യയുടെ മിതവ്യയ സമീപനത്തിന്റെ ശക്തിയിൽ ലോകം മുഴുവനും സ്തംഭിച്ചിരിക്കുമ്പോൾ, അതിന്റെ അമ്പതിരട്ടിയോളം രൂപയാണ് നേട്ടമുണ്ടായിരിക്കുന്നത്. ഏകദേശം 31,000 കോടി രൂപയുടെ നേട്ടമാണ് ഓഹരിവിപണിയിൽ ഇന്ത്യ നേടിയത്.
ആഴ്ചയിലെ ആദ്യ നാല് വ്യാപാര ദിനങ്ങളിൽ, 13 ബഹിരാകാശ സംബന്ധിയായ സ്റ്റോക്കുകളുടെ ഒരു ഗ്രൂപ്പിന്റെ സംയുക്ത വിപണി മൂലധനം 30,700 കോടി രൂപ ഉയർന്നു. ചന്ദ്രയാൻ 3 ലാൻഡ് ചെയ്യുമെന്ന് പ്രതീക്ഷിച്ച ഈ ആഴ്ച സ്പേസുമായി ബന്ധപ്പെട്ട ഓഹരികളിലെല്ലാം വലിയ പണമൊഴുക്കാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ ചാന്ദ്രദൗത്യത്തെ അത്രമാത്രം വിശ്വസിച്ച നിക്ഷേപകരായിരുന്നു ഇത്രയും പണം മുടക്കി ഓഹരികൾ വാങ്ങാൻ തയ്യാറായത്. ഈ ആഴ്ചയിലെ ആദ്യ നാല് ദിവസങ്ങളിൽ മാത്രം വിപണിമൂല്യത്തിൽ 30,700 കോടി രൂപയുടെ കുതിപ്പ് രേഖപ്പെടുത്തി.
ചന്ദ്രയാൻ-3 നായി ഐഎസ്ആർഒയ്ക്ക് നിർണ്ണായക മൊഡ്യൂളുകളും സിസ്റ്റങ്ങളും നൽകിയ, അധികം അറിയപ്പെടാത്ത സ്മോൾക്യാപ് കമ്പനിയായ സെന്റം ഇലക്ട്രോണിക്സിന്റെ ഓഹരികൾ ആഴ്ചയിൽ 26% കുതിപ്പ് രേഖപ്പടുത്തി. അവന്റൽ, ലിൻഡെ ഇന്ത്യ, പാരസ് ഡിഫൻസ്, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ഓഹരികളും ഈ ആഴ്ച ശ്രദ്ധേയമായ ഇരട്ട അക്ക നേട്ടം കൈവരിച്ചു. ദൗത്യത്തിൽ പങ്കാളികളായ ഇന്ത്യൻ കമ്പനികളുടെ നിര വളരെ വലുതാണ്. ബഹിരാകാശ വിപണിയിൽ വലിയ അവസരമാണ് ചന്ദ്രയാൻ ദൗത്യം കമ്പനികൾക്ക് മുന്നിൽ തുറന്നിടുന്നത്.
ഐഎസ്ആർഒയ്ക്ക് നിർണായക ഘടകങ്ങൾ നൽകിയ ഗോദ്റെജ് ഇൻഡസ്ട്രീസിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ഉയർന്നു. ചന്ദ്രന്റെ പര്യവേക്ഷണം ചെയ്യപ്പെടാത്ത ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായി ഇന്ത്യയെ മാറ്റുന്നതിൽ പങ്കുവഹിച്ച കമ്പനികളുടെ പട്ടിക വളരെ വലുതാണ്. PTC ഇൻഡസ്ട്രീസ് പമ്പ് ഇന്റർസ്റ്റേജ് ഹൗസിംഗ് വിതരണം ചെയ്തു, വികാസ് എഞ്ചിനുകൾ, ടർബോ പമ്പ്, ബൂസ്റ്റർ പമ്പ് എന്നിവയുൾപ്പെടെയുള്ള ക്രയോജനിക് എഞ്ചിൻ സബ്സിസ്റ്റം പോലുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിൽ MTAR തങ്ങളുടെ പങ്ക് വഹിച്ചു. പാരസ് ചന്ദ്രയാൻ-3 നാവിഗേഷൻ സംവിധാനം നൽകിയപ്പോൾ PSU BHEL ടൈറ്റാനിയം ടാങ്കുകളും ബാറ്ററികളും വിതരണം ചെയ്തു.
ചാന്ദ്രദൗത്യത്തിന് പിന്നാലെ ഇന്ത്യ പ്രഖ്യാപിച്ച സൗരദൗത്യമായ ആദിത്യ എൽ 1 കൂടെ വരാനിരിക്കുന്നതോടെ ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടമാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഗഗൻയാനും മംഗൾയാൻ രണ്ടുമൊക്കെ ഇന്ത്യയുടെ വരാനിരിക്കുന്ന ദൗത്യങ്ങളാണ്. ആഗോളവിപണിയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രമാണ് ഇന്ത്യയുടെ വിഹിതം. ബഹിരാകാശ കമ്പനികൾക്ക് അപ്രാപ്യമായിരുന്ന സ്പേസ് വിപണി 2023ലാണ് സൗകാര്യ കമ്പനികൾക്ക് ഇന്ത്യ തുറന്നു നൽകുന്നത്. അഞ്ച് പിഎസ്എൽവി റോക്കറ്റുകൾ നിർമ്മിക്കാനുള്ള കരാറടക്കം തുടർന്ന് സ്വകാര്യ കമ്പനികൾക്ക് ലഭിച്ചിരുന്നു.
Post Your Comments