തിരുവനന്തപുരം: കുഞ്ഞുങ്ങളെ അമ്മ തൊട്ടിലിൽ ആളുകൾ ഉപേക്ഷിക്കുന്നത് ഏറെ വേദനാജനകമാണ്. ഇപ്പോഴിതാ തിരുവനന്തപുരത്തെ ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച കുഞ്ഞിന് രാജ്യത്തിന്റെ അഭിമാനസ്തംഭങ്ങളുടെ പേര് നൽകി സംസ്ഥാന ശിശുക്ഷേമ സമിതി. രാജ്യത്തിൻറെ ചരിത്ര നേട്ടമായ ചന്ദ്രയാൻ-3 യുടെയും ചെസ് ലോകകപ്പ് ഫൈനലിൽ ലോക ചാമ്പ്യൻ ആയ ആർ പ്രഗ്നാനന്ദയുടെയും പേര് ചേർത്താണ് പൊന്നോമനയ്ക്ക് പ്രഗ്യാൻ ചന്ദ്ര എന്ന് പേര് നൽകിയത്. സംസ്ഥാന ശിശുക്ഷേമ സമിത് ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ശിശുക്ഷേമ സമിതിയുടെ ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച നാല് ദിവസം പ്രായമുള്ള കുഞ്ഞാണിത്. ഹൈടെക് അമ്മത്തൊട്ടിലിൽ നിന്നും ലഭിച്ച മൂന്നാമത്തെ കുഞ്ഞാണ് പ്രഗ്യാൻ. ദത്തെടുക്കൽ കേന്ദ്രത്തിൽ സ്ഥാപിച്ച മോണിറ്ററിൽ കുട്ടിയുടെ ചിത്രവും ഭാരവും രേഖപ്പെടുത്തിയുള്ള സന്ദേശവും ബീപ് സൈറണും മുഴങ്ങി. ഇതോടെ കുഞ്ഞിനെ തേടി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സും ആയമാരും എത്തി.
ആദ്യം കുഞ്ഞിനെ ദത്തെടുക്കൽ കേന്ദ്രത്തിലേക്കും പിന്നാലെ ആരോഗ്യ പരിശോധനയ്‌ക്കായി തൈക്കാട് ആശുപത്രിയിലേക്കും എത്തിച്ചു. തുടർ ചികിത്സയുടെ ഭാഗമായി നിലവിൽ കുഞ്ഞ് തൈക്കാട് ആശുപത്രിയിലാണ് ഉള്ളത്. ജില്ലകളിൽ സ്‌പോൺസർമാരുടെ സഹായത്തോടെ മാറ്റി സ്ഥാപിക്കാവുന്ന കൂടുതൽ അമ്മത്തൊട്ടിലുകൾ സ്ഥാപിക്കുമെന്നും ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി വ്യക്തമാക്കി.
Post Your Comments