Latest NewsIndia

റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുന്ന ഒമ്പതാംക്ലാസുകാരി പ്രസവിച്ചു, ഒന്നിലേറെ സീനിയർ വിദ്യാർത്ഥികളെന്ന് കുട്ടി:വാർഡൻ സസ്‌പെൻഷനിൽ

റസിഡൻഷ്യൽ സ്കൂളിൽ പഠിക്കുകയായിരുന്ന ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ച സംഭവത്തിൽ ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്തു. കർണാടകയിലെ ചിക്കബല്ലപുരയിലുള്ള സംസ്ഥാന സർക്കാരിന്റെ റസിഡൻഷ്യൽ സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിനിയാണ് പ്രസവിച്ചത്. ഹോസ്റ്റലിൽ നിന്നും വീട്ടിലെത്തിയതിന് പിന്നാലെ വയറുവേദനയെ തുടർന്നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ​ഗർഭിണിയാണെന്ന് വ്യക്തമായത്. ഈ മാസം ഒമ്പതിന് പെൺകുട്ടി ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു.

ആശുപത്രി അധികൃതരാണ് പോലീസിനെ വിവരം അറിയിച്ചത്. സംഭവത്തിൽ പോക്‌സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് പറഞ്ഞു. തുമകുരു ജില്ലയിലെ റസിഡൻഷ്യൽ സ്‌കൂളിലായിരുന്നു കുട്ടി പഠിച്ചിരുന്നത്. ഹോസ്റ്റലിൽ ആയിരുന്നു താമസം. ബാഗേപള്ളിയിലെ വീട്ടിലെത്തിയ പെൺകുട്ടി വയറുവേദനയാണെന്ന് പറഞ്ഞു. തുടർന്ന് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്‌കാനിങ് നടത്തിയപ്പോഴാണ് കുട്ടി ഗർഭിണിയാണെന്ന് മനസ്സിലാകുന്നതെന്ന് പോലീസ് അറിയിച്ചു. പെൺകുട്ടിയ്ക്ക് ഭാരക്കുറവുണ്ടെങ്കിലും കുഞ്ഞ് സുഖമായിരിക്കുന്നതായും പോലീസ് കൂട്ടിച്ചേർത്തു.

ചൈൽഡ് വെൽഫയർ കമ്മിറ്റി നൽകിയ കൗൺസിലിങ്ങിൽ, സ്‌കൂളിലെ സീനിയർ ആയ വിദ്യാർത്ഥിയാണ് തന്നെ ഗർഭിണിയാക്കിയതെന്ന് പെൺകുട്ടി പറഞ്ഞു. എന്നാൽ, ചോദ്യംചെയ്യലിൽ ഇക്കാര്യം ആ ആൺകുട്ടി നിഷേധിച്ചു. പെൺകുട്ടി മൊഴികളിൽ ഉറച്ചുനിൽക്കുന്നില്ലെന്നും സ്‌കൂളിലെ സീനിയറായ മറ്റൊരു ആൺകുട്ടിയുടെ പേര് പറഞ്ഞെന്നും പോലീസ് പറയുന്നു.

സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും എന്നാൽ ഇതുവരെ അറസ്റ്റുകൾ ഒന്നും ഉണ്ടായിട്ടില്ലെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയോ മാതാപിതാക്കളോ കൂടുതൽ കാര്യങ്ങൾ പറയാൻ തയ്യാറാകുന്നില്ലെന്നും ഇവരെ കൗൺസിലിങ്ങിന് വിധേയരാക്കിയെന്നും പോലീസ് വൃത്തങ്ങൾ പറഞ്ഞു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് തുമകുരു ജില്ലാ ഭരണകൂടമാണ് ഹോസ്റ്റൽ വാർഡനെ സസ്‌പെൻഡ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button