തിരുവനന്തപുരം: അമ്മയറിയാതെ കുഞ്ഞിനെ ദത്ത് കൊടുത്ത സംഭവത്തിൽ ശിശുക്ഷേമ വകുപ്പ് മേധാവി ഷിജു ഖാനെതിരെ പരോക്ഷ വിമർശനവുമായി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് വിമർശനം.
പോസ്റ്റിന്റെ പൂർണ്ണ രൂപം:
എന്റെ അയല്പക്കത്തെ വീട്ടിൽ ഷൂട്ട് ചെയ്ത സിനിമയാണ് ‘കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ’. അഞ്ചു വയസ്സിൽ ഷൂട്ടിങ് കണ്ടതാണ്. കണ്ണാംതുമ്പീ എന്ന പാട്ടും ക്ലൈമാക്സിന്റെ ഭാഗങ്ങളും ഒക്കെ ചിത്രീകരിക്കുന്നത് ഇപ്പോഴും ഓർമ്മയുണ്ട്.
അന്ന് മനസ്സിൽ ഭീതി നിറച്ച കഥാപാത്രം ആയിരുന്നു വി കെ ശ്രീരാമന്റെ ഉവ്വാച്ചു.
ഉവ്വാച്ചുവിനെ കണ്ടാൽ കുഞ്ഞുങ്ങളോട് സ്നേഹമുള്ള ആളാണെന്ന് തോന്നും. കറുത്ത താടിയുണ്ട്. നല്ല പുഞ്ചിരിയാണ്. സർക്കസ് കാണിക്കും. കുഞ്ഞുങ്ങളെ സംരക്ഷിക്കുന്ന ആളാണെന്ന് തോന്നും. എന്നാൽ സത്യം അതല്ല. കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകുന്നവനാണ്. അതുവഴി ജീവിതമാർഗം കണ്ടെത്തുന്നവനാണ്. സ്കൂളിൽ പോകുന്നവഴി എന്നെയും തട്ടിക്കൊണ്ടുപോകാൻ ഉവ്വാച്ചു വരുമെന്നായിരുന്നു സിനിമ കണ്ടശേഷമുള്ള പേടി. വളരെക്കാലം കഴിഞ്ഞാണ് പേടി മാറുന്നത്. പിൽക്കാലത്ത് ഉവ്വാച്ചുവിനെ ഗംഭീരമാക്കിയ ശ്രീ ശ്രീരാമനെ നേരിൽക്കണ്ട് സംസാരിക്കുകയും ചെയ്തു.
പറഞ്ഞുവന്നത് അതല്ല. ഉവ്വാച്ചു ഇന്നും നമ്മുടെ ഇടയിൽ ഉണ്ട്. ഇതേപോലെ കറുത്ത താടിയുണ്ട്. നല്ല പുഞ്ചിരിയാണ്. കാണിക്കുന്നത് ഒക്കെയും സർക്കസ്. ശിശു സംരക്ഷകൻ എന്ന ബോർഡും വച്ച് ചമഞ്ഞ് ഇരിക്കും. ഡോക്ടറേറ്റും ഉണ്ട്. പക്ഷെ സത്യത്തിൽ പിള്ളേരെപ്പിടിത്തക്കാരൻ ആണ്. തരം കിട്ടിയാൽ അമ്മ അറിയാതെ കുഞ്ഞിനെ കടത്തലാണ് ഹോബി. എന്നാലും എന്റെ ഡോക്ടർ ഉവ്വാച്ചൂ!
Post Your Comments