ചെങ്ങന്നൂർ: ചെന്നിത്തലയിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും പാക്കറ്റിലാക്കിയ ഉണക്ക കഞ്ചാവും സഹിതം നാലുപേർ അറസ്റ്റിൽ. കഞ്ചാവ് ‘ലൈവാ’യി വിൽപന നടത്തുന്ന അന്യസംസ്ഥാന തൊഴിലാളികളും ബീഹാർ സ്വദേശികളുമായ രാമുകുമാർ (30), സന്ദീപ് കുമാർ (18) തുന്നകുമാർ (34), മുന്നകുമാർ (25) എന്നിവരാണ് പിടിയിലായത്. മാന്നാർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ചെന്നിത്തല ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ ചേങ്കര ജങ്ഷനിലെ പ്രതികളുടെ താമസ സ്ഥലത്ത് നിന്ന് ഒന്നേകാൽ കിലോയോളം കഞ്ചാവ് ആണ് പിടികൂടിയത്. തുടർന്ന്, നടത്തിയ പരിശോധനയിലാണ് കെട്ടിട പരിസരത്ത് നട്ട് പരിപാലിക്കുന്ന അഞ്ചര അടി പൊക്കമുള്ള കഞ്ചാവ് ചെടി കണ്ടെടുത്തത്.
Read Also : ക്ഷേത്രദര്‍ശനം എന്തിന് നടത്തണം ഈശ്വരൻ സർവ്വവ്യാപിയല്ലേ എന്ന് സംശയിക്കുന്നവരോട്, കാരണം ഇതാണ്
ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന് കിട്ടിയ രഹസ്യ വിവരം ചെങ്ങന്നൂർ ഡി.വൈ.എസ്.പി പി. ബിനുകുമാറിന് കൈമാറുകയായിരുന്നു. തുടർന്ന് മാന്നാർ ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘവും ജില്ലാ പൊലീസ് സ്ക്വാഡ് അംഗങ്ങളും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
പരിശോധനയിൽ വില്പനക്കായി 90 ചെറിയ കവറുകളിൽ പാക്ക് ചെയ്തതും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞതുമായ കഞ്ചാവ് കണ്ടെടുത്തു. ഇതിന് അമ്പതിനായിരം രൂപക്ക് മുകളിൽ വില വരും. ഓണത്തിനു കച്ചവടം നടത്തുന്നതിനായി കൊണ്ടുവന്നതാണെന്ന് പൊലീസ് പറഞ്ഞു.
എസ്.ഐ ബിജുക്കുട്ടൻ, ജി.എസ്.ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീകുമാർ, ജില്ലാ പൊലീസ് സ്‌ക്വാഡ് അംഗങ്ങളായ അനസ്, ഗിരീഷ് ലാൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കും.
Post Your Comments