Latest NewsKeralaNews

ശാസ്ത്രാവബോധവും മാനവികതയും ഉയർത്തിപ്പിടിക്കുന്നതാകണം വിദ്യാഭ്യാസം: മുഖ്യമന്ത്രി

തിരുവനന്തപുരം: വസ്തുനിഷ്ഠവും ശാസ്ത്രീയവുമായ വിദ്യാഭ്യാസമാണ് വിദ്യാർത്ഥികൾക്ക് നൽകേണ്ടതെന്നും ഇത് മാനവികത ഉയർത്തിപ്പിടിക്കുന്നതാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിഇആർടി ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തിയ ഹയർസെക്കൻഡറി അഡീഷണൽ പാഠപുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്മാർട്ട് ക്ലാസ് റൂമുകളും ലൈബ്രറികളും ലാബുകളുമുള്ള കേരളത്തിലെ സ്‌കൂളുകൾ രാജ്യത്തിന് മാതൃകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Read Also: അമ്പിളിയെ തൊട്ട് ചന്ദ്രയാന്‍ 3; ‘എല്ലാ സഹായങ്ങളും നല്‍കിയ പ്രധാനമന്ത്രിക്ക് നന്ദി’ – ISRO ചെയർമാൻ എസ് സോമനാഥ്

2023 – 24 അധ്യയന വർഷത്തിൽ എൻസിഇആർടി ചില പാഠപുസ്തകങ്ങളിലെ പാഠഭാഗങ്ങൾ നീക്കം ചെയ്യുന്ന സാഹചര്യമുണ്ടായി. സംസ്ഥാന സർക്കാരിന്റെ നിർദേശപ്രകാരം എസ്ഇആർടി വിദഗ്ദ്ധ സമിതി ഇത് പരിശോധിക്കുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ ഹയർ സെക്കണ്ടറി പ്ലസ് വൺ ക്ലാസിനുള്ള ഹിസ്റ്ററി, പൊളിറ്റിക്സ്, ഇക്കണോമിക്സ്, സോഷ്യോളജി വിഷയങ്ങളിൽ ഒഴിവാക്കിയ പാഠഭാഗങ്ങൾ ഉൾപ്പെടുത്തി പാഠപുസ്തകങ്ങൾ അച്ചടിച്ചു. ഗാന്ധി വധം, മുഗൾ ചരിത്രം, പഞ്ചവൽസര പദ്ധതികൾ എന്നിവ ഇതിലുൾപ്പെടുന്നു. സങ്കുചിത മതരാഷ്ട്രബോധത്തിനപ്പുറം മത നിരപേക്ഷമായി ചിന്തിക്കാൻ കഴിയുന്ന സമൂഹമാണ് രൂപപ്പെടേണ്ടത്. വിദ്യാലയങ്ങളെ സാമൂഹിക പുരോഗതിക്കായി ഉപയോഗിക്കണമെങ്കിൽ ചരിത്രത്തെയും സമൂഹത്തെയും ശാസ്ത്രത്തെയും വ്യക്തമായി മനസ്സിലാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. പ്രകാശനത്തിനുശേഷം മുഖ്യമന്ത്രി പാഠപുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് കൈമാറി.

ഭരണഘടനാനുസൃതമായി വിശാല ജനാധിപത്യമൂല്യങ്ങളിലധിഷ്ഠിതമായാണ് അഡീഷണൽ പാഠ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തിരുവനന്തപുരം കോട്ടൺ ഹിൽ സ്‌കൂളിൽ നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ് സ്വാഗതമാശംസിച്ചു.

പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ്, കൗൺസിലർ രാഖി രവികുമാർ, എസ് ഇ ആർ ടി ഡയറക്ടർ ഡോ ജയപ്രകാശ് ആർ കെ, സമഗ്ര ശിക്ഷ കേരളം പ്രോജക്ട് ഡയറക്ടർ ഡോ സുപ്രിയ എ ആർ, കൈറ്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ കെ അൻവർ സാദത്ത്, എസ് ഐ ഇ ടി ഡയറക്ടർ ബി അബുരാജ്, സീമാറ്റ് ഡയറക്ടർ ഡോ വി ടി സുനിൽ, സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ എ ജി ഒലീന, പി ടി എ പ്രസിഡന്റ് റഷീദ് ആനപ്പുറം, പ്രിൻസിപ്പൽ ഗ്രീഷ്മ വി, രാജേഷ് ബാബു, ഗീത ജി എന്നിവർ പങ്കെടുത്തു.

Read Also: ‘കന്യാകുമാരി മുതൽ കശ്മീർ വരെയുള്ളവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസ്, ഇന്ത്യയെന്ന വികാരം എല്ലാവരിലും എത്തിച്ച വിജയം’;കുറിപ്പ്

shortlink

Related Articles

Post Your Comments

Related Articles


Back to top button