ബകു: ഫിഡെ ചെസ് ലോകകപ്പിൽ നോർവെയുടെ മാഗ്നസ് കാൾസന് കിരീടം. അത്യന്തം വാശിയേറിയ ഫൈനലിൽ ടൈബ്രേക്കറിലാണ് ഇന്ത്യയുടെ കൗമാര വിസ്മയം പ്രഗ്നാനന്ദയെ കാൾസൻ തോൽപ്പിച്ചത്. ഫൈനലിലെ ആദ്യ രണ്ട് ഗെയിമുകളും സമനിലയിൽ കലാശിച്ചതോടെയാണ് മത്സരം ടൈബ്രേക്കറിലേക്ക് നീണ്ടത്. കാൾസന്റെ ആദ്യ ലോകകപ്പ് കിരീടമാണിത്. ഭക്ഷ്യവിഷബാധയെ തുടർന്നുണ്ടായ ബുദ്ധിമുട്ടുകൾക്കിടെയിലാണ് കാൾസൻ പ്രഗ്നാനന്ദയെ തോൽപിച്ചത്.
ടൈ ബ്രേക്കറിലെ ആദ്യ ഗെയിമിൽ കറുത്ത കരുക്കളുമായാണ് കാൾസൻ കളിച്ചത്. തന്ത്രപരമായ നീക്കത്തോടെ അദ്ദേഹം ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമിൽ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ കൂടുതൽ സമ്മർദ്ദത്തിലായി. അതുകൊണ്ടുതന്നെ പ്രതിരോധത്തിലൂന്നിയാണ് പ്രഗ്നനന്ദ കളിച്ചത്. ഗെയിം സമനിലയിലായതോടെ കാൾസൻ വിജയം സ്വന്തമാക്കുകയായിരുന്നു. ചെസ് ലോകകപ്പിലെ വെള്ളി മെഡൽ ഫിനിഷോടെ, കാൻഡിഡേറ്റ്സ് ടൂർണമെന്റിൽ റണ്ണറപ്പാകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി പ്രഗ്നാനന്ദ മാറി. ടൈബ്രേക്കറിൽ ഒന്നര പോയിന്‍റ് നേടിയാണ് കാൾസൻ ചെസിൽ ആദ്യ ലോകകപ്പ് കിരീടം നേടുന്നത്.
ബാക്കുവിലെ വലിയ ഫൈനലിൽ പ്രഗ്നാനന്ദ പരാജയപ്പെട്ടിരിക്കാം. പക്ഷേ ചെന്നൈയിൽ നിന്നുള്ള 18 വയസ്സുകാരൻ ഇന്ത്യൻ ചെസ്സിന്റെ ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർത്തു. വിശ്വനാഥൻ ആനന്ദിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യക്കാരനായി മാറി. ചെസിൽ അഞ്ച് തവണ ലോകചാംപ്യനായ താരമാണ് മാഗ്നസ് കാൾസൻ.
Post Your Comments