ബ്രിക്സ് കൂട്ടായ്മയിൽ അംഗത്വം നേടി ആറ് പുതിയ രാജ്യങ്ങൾ. അർജന്റീന, ഈജിപ്ത്, എത്യോപ്യ, ഇറാൻ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളാണ് അംഗത്വം നേടിയത്. ജനുവരി ഒന്ന് മുതൽ ഈ ആറ് രാജ്യങ്ങളും ബ്രിക്സിൽ ഔദ്യോഗിക അംഗങ്ങളാകുന്നതാണ്. ദക്ഷിണാഫ്രിക്കയിൽ നടന്ന ബ്രിക്സ് ഉച്ചകോടിക്ക് ശേഷം ബ്രിക്സ് ചെയറും സൗത്ത് ആഫ്രിക്കൻ പ്രസിഡന്റുമായ സിറിൽ റാമഫോസയാണ് പുതിയ അംഗരാജ്യങ്ങളുടെ പേര് വിവരങ്ങൾ പ്രഖ്യാപിച്ചത്.
ഇത്തവണ 40 ഓളം രാജ്യങ്ങളാണ് ബ്രിക്സിൽ അംഗമാകാൻ താൽപ്പര്യം പ്രകടിപ്പിച്ചത്. ഇതിൽ 22 രാജ്യങ്ങൾ ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചിരുന്നു. നിലവിൽ, ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്സിൽ ഉള്ളത്. ഈ സഖ്യത്തിൽ പുതുതായി പാകിസ്ഥാനെ ഉൾപ്പെടുത്താനുള്ള ശ്രമം ചൈന നടത്തിയിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച വിഷയത്തിൽ ശക്തമായ എതിർപ്പാണ് ഇന്ത്യ പ്രകടിപ്പിച്ചത്.
2040-ഓടെ ലോകത്തിലെ ഏറ്റവും വലിയ കൂട്ടായ്മയായി ബ്രിക്സ് മാറുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആദ്യ ഘട്ടത്തിൽ നാല് രാജ്യങ്ങൾ ചേർന്ന് ബ്രിക് എന്ന പേരിലായിരുന്നു സംഘടന രൂപീകരിച്ചത്. പിന്നീട് 2010-ൽ ദക്ഷിണാഫ്രിക്ക കൂടി അംഗത്വം നേടിയതോടെ ബ്രിക്സ് എന്ന് പേര് മാറ്റുകയായിരുന്നു .
Post Your Comments