KeralaLatest NewsNews

സുജിതയെ കൊലപ്പെടുത്തിയ വിഷ്ണു അതിബുദ്ധിമാന്‍, കൊലപാതകം മിസ്സിംഗ് കേസ് ആക്കി മാറ്റാന്‍ ശ്രമം

യുവതിക്ക് തൃശൂരിലെ ഒരാളുമായി അടുപ്പം ഉണ്ടെന്നും അയാളുടെ കൂടെ പോയതാകാമെന്നും നാട്ടില്‍ പ്രചരിപ്പിച്ചു

മലപ്പുറം: മലപ്പുറം തുവ്വൂരിലെ സുജിത കൊലപാതകക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് വിഷ്ണു പൊലീസ് അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമിച്ചു. സുജിതയെ പലയിടങ്ങളില്‍ കണ്ടെന്ന് പ്രചരിപ്പിക്കുകയും മറ്റൊരാളുടെ കൂടെ സുജിത പോയെന്ന് വരുത്തി തീര്‍ക്കാനും പ്രതി വിഷ്ണു ശ്രമം നടത്തിയെന്നും പൊലീസ് കണ്ടെത്തി. വിഷ്ണുവും സുജിതയും തമ്മില്‍ അടുപ്പത്തിലായിരുന്നു. ആഭരണം കവരുന്നതിനോടൊപ്പം സുജിതയെ ബന്ധത്തില്‍ നിന്നും ഒഴിവാക്കാന്‍ കൂടിയായിരുന്നു ക്രൂരമായ കൊലപാതകമെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റ് 11നാണ് സുജിതയെ കാണാതാകുന്നത്.

Read Also: പാലക്കാട് തിരുവാഴിയോടിൽ ബസ് അപകടത്തിൽപ്പെട്ടു, രണ്ട് മരണം

കൊലപ്പെടുത്തിയ ശേഷം സുജിതക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ പലയിടങ്ങളില്‍ ഇവരെ കണ്ടെന്ന് നാട്ടില്‍ വിഷ്ണു നാട്ടില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. സുജിതയ്ക്ക് തൃശൂരിലുള്ള ഒരാളുമായി അടുപ്പമുണ്ടെന്നും ഇയാളുടെ കൂടെ പോയതാകാമെന്നും വിഷ്ണു പ്രചരിപ്പിച്ചു. സുജിതയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ആളുകളെ കണ്ട് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതോടെയാണ് വിഷ്ണു അന്വേഷണം വഴിതിരിച്ച് വിടാനും ശ്രമം നടത്തിയതായി പൊലീസ് കണ്ടെത്തിയത്. പൊതുപ്രവര്‍ത്തകന്‍ എന്ന പേരിലായിരുന്നു ഈ ഇടപെടലുകള്‍.

തന്റെ സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ ആഭരണം കവരുന്നതിനൊപ്പം ബന്ധത്തില്‍ നിന്നും ഒഴിവാക്കാന്‍ കൂടിയായിരുന്നു സുജിതയെ വിഷ്ണു കൊലപ്പെടുത്തിയത്. ഇതിനായി നേരത്തെ പ്ലാന്‍ തയ്യാറാക്കി സുജിതയെ വിളിച്ച് വരുത്തി. പിന്നീട് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹത്തില്‍ നിന്നും 52 ഗ്രാം സ്വര്‍ണം കൈക്കലാക്കി. പലയിടങ്ങളിലായി ഇവ വിറ്റു. സംഭവ ശേഷം സുജിതയുടെ ഫോണ്‍ ഉപേക്ഷിച്ചു. ഒന്നുമറിയാത്ത പോലെ പെരുമാറണമെന്ന് വിഷ്ണു കൊലപാതകത്തില്‍ പങ്കെടുത്ത മറ്റുള്ളവരോട് നിര്‍ദ്ദേശിച്ചു. കൊലപാതകം മിസ്സിംഗ് കേസ് ആയി പോകും എന്നാണ് ഇയാള്‍ മറ്റു പ്രതികളെ ബോധ്യപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു.

കേസിലെ മുഖ്യപ്രതി തുവ്വൂര്‍ മാതോത്ത് വീട്ടില്‍ വിഷ്ണു, പിതാവ് മുത്തു, സഹോദരങ്ങളായ വൈശാഖ് ,വിവേക് സുഹൃത്ത് മുഹമ്മദ് ഷിഹാന്‍ എന്നിവരെ ഇന്നലെ രാത്രി പൊലീസ് പെരിന്തല്‍മണ്ണ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

മലപ്പുറം കരുവാരകുണ്ടിലെ കൃഷിഭവനില്‍ താല്‍കാലിക ജീവനക്കാരിയായ സുജിതയെ കഴിഞ്ഞ ഓഗസ്റ്റ് 11നാണ് കാണാതായത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് എന്ന് പറഞ്ഞാണ് സുജിത കൃഷിഭവനില്‍ നിന്ന് ഇറങ്ങിയത്. അന്ന് വൈകിട്ട് ഫോണ്‍ സ്വിച്ച് ഓഫായി. സുജിതയെ കാണാതായ അന്ന് ഈ ഭാഗത്ത് പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്ന് നാട്ടില്‍ പ്രതിഷേധവും ഉയര്‍ന്നിരുന്നു. സുജിതയെ കണ്ടെത്തുന്നതില്‍ പൊലീസ് വീഴ്ച എന്ന് പറഞ്ഞ് കോണ്‍ഗ്രസ് പ്രതിഷേധം നടത്തിയിരുന്നു. കരുവാരക്കുണ്ട് പൊലീസ് സുജിതയെ കണ്ടെത്താന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റ് ചെയ്ത അറിയിപ്പും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button