കാഞ്ഞിരപ്പള്ളി: കെഎസ്ആർടിസി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരനായ യുവാവ് ബസിനടിയിൽ പെട്ട് മരിച്ചു. കാഞ്ഞിരപ്പള്ളി പട്ടിമറ്റം കറിപ്ലാവ് ചമ്പക്കര ബേബിയുടെ മകൻ സ്കറിയാച്ചൻ (25) ആണ് മരിച്ചത്.
ഇന്ന് വൈകിട്ട് 5.30 ഓടെ കാഞ്ഞിരപ്പള്ളി കുരിശിങ്കൽ ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. വീട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ഡിവൈഡറിൽ തട്ടിയ ബൈക്കിൽ നിന്നും യുവാവ് ബസിനടിയിലേക്ക് വീഴുകയായിരുന്നു. ബസിന്റെ പിൻചക്രം യുവാവിന്റെ ശരീരത്തിലൂടെ കയറിയിറങ്ങി. യുവാവിനെ ഉടൻ തന്നെ കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
Read Also : ബ്രിക്സ് ഉച്ചകോടി: ദക്ഷിണാഫ്രിക്കയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള വരവേൽപ്പ്
മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് കാഞ്ഞിരപ്പള്ളി ടൗണിൽ ഗതാഗത തടസമുണ്ടായി. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.
മാതാവ് സൂസൻ. ഭാര്യ ഹാസിലിൻ (എറണാകുളം), മകൾ നെതാലിയ (ഒരു വയസ്), സഹോദരൻ ഇട്ടിരാച്ചൻ (യുകെ).
Post Your Comments