ഉപഭോക്താക്കൾ ദീർഘ കാലമായി കാത്തിരിക്കുന്ന ‘മേരാ ബിൽ മേരാ അധികാർ’ പദ്ധതി ആരംഭിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിന്റെ ഭാഗമായി ഉടൻ തന്നെ മേരാ ബിൽ മേരാ അധികാർ ആപ്പ് പുറത്തിറക്കുന്നതാണ്. ഈ മൊബൈൽ ആപ്പിൽ ജിഎസ്ടി ഇൻവോയിസ് അപ്‌ലോഡ് ചെയ്യുന്നവർക്കാണ് സമ്മാനം. വിൽപ്പനക്കാരിൽ നിന്ന് യഥാർത്ഥ ഇൻവോയ്സുകൾ ആവശ്യപ്പെടാൻ പൗരന്മാരെയും, ഉപഭോക്താക്കളെയും പ്രേരിപ്പിക്കുന്ന തരത്തിലാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ചില്ലറ വ്യാപാരികളിൽ നിന്നോ, മൊത്തക്കച്ചവടക്കാരിൽ നിന്നോ സ്വീകരിച്ച ഇൻവോയ്സ് ആപ്പിൽ അപ്‌ലോഡ് ചെയ്യുന്ന വ്യക്തികൾക്ക് പ്രതിമാസം അല്ലെങ്കിൽ, മൂന്ന് മാസത്തിലൊരിക്കൽ 10 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ സമ്മാനം നൽകുന്നതാണ്. ആപ്പിൽ അപ്‌ലോഡ് ചെയ്ത ഇൻവോയ്സിൽ വിൽപ്പനക്കാരന്റെ ജിഎസ്ടിഐൻ, ഇൻവോയ്സ് നമ്പർ, അടച്ച തുക, നികുതി തുക എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഒരു വ്യക്തിക്ക് ഒരു മാസം പരമാവധി 25 ഇൻവോയ്സുകളാണ് അപ്‌ലോഡ് ചെയ്യാൻ സാധിക്കുക.
ഏറ്റവും ചുരുങ്ങിയത് 200 രൂപയുടെ വാങ്ങൽ മൂല്യമുള്ള ഇൻവോയിസുകളാണ് അപ്‌ലോഡ് ചെയ്യേണ്ടത്. ഓരോ മാസവും 500-ലധികം കമ്പ്യൂട്ടറൈസ്ഡ് നറുക്കെടുപ്പ് നടത്തും. ഒരു പാദത്തിൽ രണ്ട് ഭാഗ്യ നറുക്കെടുപ്പുകളാണ് ഉണ്ടാവുക. ജിഎസ്ടി വെട്ടിപ്പുകൾ തടയിടുന്നതിന്റെ ഭാഗമായാണ് ഉപഭോക്താക്കൾക്കായി ഇത്തരമൊരു പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്.
Post Your Comments