ഗുവാഹത്തി: അവിഹിത ബന്ധത്തിന്റെ പേരിൽ ത്രിപുരയിൽ കമിതാക്കളെ ഇലക്ട്രിക്ക് തൂണിൽ കെട്ടിയിട്ട് മണിക്കൂറുകളോളം അപമാനിച്ചു. വിവാഹിതനും രണ്ട് കുട്ടികളുടെ അച്ഛനുമാണ് ആക്രമണത്തിനിരയായ ആൾ. കൂടെയുള്ള യുവതി സഹോദരനൊപ്പമാണ് താമസിക്കുന്നത്. ഇരുവരെയും ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നുണ്ട്. ദക്ഷിണ ത്രിപുര ജില്ലയിലെ ബെലോണിയ പട്ടണത്തിലാണ് സംഭവം.
വീഡിയോയിൽ, ഒരു പ്രായമായ സ്ത്രീ യുവതിയുടെ തലമുടി പിടിച്ച് വലിക്കുകയും അടിക്കുകയും ചെയ്യുന്നതായി കാണാം. യുവതിയെയും യുവാവിനെയും തൂണിൽ കെട്ടിയിട്ടാണ് മർദ്ദിക്കുന്നത്. ഒരു കൂട്ടം ആളുകൾ ഇവരെ ആക്രമിക്കുമ്പോഴും ആരും സഹായത്തിനായി എത്തുന്നില്ല. വിവാഹിതനായ യുവാവ് അതേ പ്രദേശത്തെ 20 കാരിയായ യുവതിയുമായി പ്രണയത്തിലാണെന്ന് കുടുംബത്തിലുള്ളവർ കണ്ടെത്തി. ഇവരിലൊരാൾ വിവരം നാട്ടുകാരെ അറിയിച്ചു. കംഗാരു കോടതി മുഖേനയുള്ള ഒരു പൊതു വിചാരണയുടെ രൂപമായ “ഷാലിഷി ബൈഠക്” എന്ന പേരിൽ ശനിയാഴ്ച രാവിലെ നാട്ടുകാർ അവരെ ഒരുമിച്ച് പിടികൂടി തൂണിൽ കെട്ടിയിട്ട് വിചാരണ ചെയ്യുകയായിരുന്നു.
പിന്നീട് പോലീസ് ഇടപെട്ട് ഇരകളെ മോചിപ്പിക്കുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ ഇവർ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. പോലീസെത്തി ഇവരെ രക്ഷപ്പെടുത്തിയെങ്കിലും ആൾക്കൂട്ടത്തിനെതിരെ പരാതി നൽകാൻ ഇരുവരും തയ്യാറായില്ല. എന്നിരുന്നാലും പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. യുവതിയുടെ ബന്ധുവായ സഹോദരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അവരുടെ ഭാര്യാസഹോദരിയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ ആക്രമിക്കാൻ മുന്നിൽ നിന്നിരുന്നത് ഇവരായിരുന്നു.
Post Your Comments