ഇടുക്കി: നെടുങ്കണ്ടത്ത് ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഏലക്ക മോഷ്ടിച്ചു. കുമളിയിലേക്ക് കൊണ്ടുപോവുകയായിരുന്ന 200 കിലോ ഉണക്ക ഏലക്കയാണ് മോഷണം പോയത്. മോഷണം പോയ ഏലക്കക്ക് ഏകദേശം നാലേമുക്കാൽ ലക്ഷം രൂപ വില വരും.
ചെമ്മണ്ണാറിൽനിന്ന്, കുമളിയിലെ ലേല ഏജൻസിയിലേക്ക് ഏലക്കയുമായി പോവുകയായിരുന്നു ലോറി. നെടുങ്കണ്ടതിന് സമീപം അധികം തിരക്കില്ലാത്ത സ്ഥലത്ത് ഡ്രൈവർ കുമരേശ്വൻ അൽപ്പനേരം ലോറി നിർത്തിയിട്ടിരുന്നു. ഈ സമയം മോഷ്ടാവ് കയർ അറുത്ത് മാറ്റി നാല് ചാക്ക് ഏലക്കാ റോഡിലേക്ക് ഇടുകയായിരുന്നു. പിന്നാലെ വെള്ള കാറിലെത്തിയ സംഘം ഈ ചാക്കുകൾ എടുത്തുകൊണ്ട് പോയെന്നും കരുതുന്നു.
ചാക്ക് താഴേക്ക് ഇട്ടപ്പോൾ അതിലൊന്ന് പൊട്ടി ഏലക്കാ റോഡിൽ ചിതറിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് സംഭവം ലോറി ഏജൻസിയിൽ അറിയിക്കുന്നത്. അപ്പോഴേക്കും ലോറി പാമ്പാടുംപാറയിൽ എത്തിയിരുന്നു. നെടുങ്കണ്ടം – കുമളി റോഡിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് നെടുംകണ്ടം പൊലീസ് അന്വേഷണം തുടങ്ങി.
Post Your Comments