തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് വായ്പ പലിശ നിരക്ക് വീണ്ടും വർദ്ധിപ്പിച്ചു. വായ്പകളുടെ അടിസ്ഥാന നിരക്കായ മാർജിനിൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസഡ് ലെൻഡിംഗ് റേറ്റാണ് (എംസിഎൽആർ) പുതുക്കി നിശ്ചയിച്ചത്. നടപ്പു സാമ്പത്തിക വർഷം ഏപ്രിൽ, മെയ്, ജൂൺ, ജൂലൈ മാസങ്ങളിലും വായ്പാ നിരക്ക് ഉയർത്തിയിരുന്നു. എംസിഎൽആർ ഉയർത്തിയതിനാൽ, വായ്പകളുടെ പ്രതിമാസ തിരിച്ചടവ് ബാധ്യത കൂടുന്നതാണ്. സ്വർണപ്പണയം, ബിസിനസ് വായ്പ, വ്യാപാരികളുടെ ഓവർ ഡ്രാഫ്റ്റ്, ജിഎസ്ടി ബിസിനസ് വായ്പ എന്നിവയെയാണ് നിരക്ക് വർദ്ധനവ് പ്രധാനമായും ബാധിക്കുക.
പുതുക്കിയ നിരക്കുകൾ അനുസരിച്ച്, ഒരു ദിവസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.05 ശതമാനത്തിൽ നിന്നും 9.25 ശതമാനമായിട്ടുണ്ട്. ഒരു മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.30 ശതമാനമായും, മൂന്ന് മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.35 ശതമാനവുമായാണ് പുതുക്കി നിശ്ചയിച്ചത്. ആറ് മാസം കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 9.25 ശതമാനത്തിൽ നിന്നും, 9.45 ശതമാനമാക്കി ഉയർത്തിയിട്ടുണ്ട്. ഒരു വർഷം കാലാവധിയുള്ള വായ്പകൾക്ക് 9.5 ശതമാനമാണ് പലിശ നിരക്ക്. റിസർവ് ബാങ്ക് റിപ്പോ നിരക്കിൽ മാറ്റങ്ങൾ വരുത്തുന്നതിന് അനുസൃതമായി എംസിഎൽആർ നിരക്ക് ബാങ്കുകൾ പുതുക്കി നിശ്ചയിക്കാറുണ്ട്.
Also Read: പാലക്കാട് ലക്ഷങ്ങളുടെ കടൽ കുതിരകളുമായി ചെന്നൈ സ്വദേശി പിടിയിൽ
Post Your Comments