കോഴിക്കോട്: ഷോപ്പിങ് മാള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്‍പ്പന നടത്തിയ രണ്ട് യുവാക്കള്‍ പൊലീസ് പിടിയില്‍. നല്ലളം സ്വദേശികളായ എം.പി.അബ്ദുള്‍ റൗഫ്(29), കെ.ടി. മുഹമ്മദ് ദില്‍ഷാദ്(22) എന്നിവരാണ് എംഡിഎംഎയുമായി അറസ്റ്റിലായത്.
പാലാഴിയില്‍ മാളിന്റെ പരിസരത്ത് ഹോട്ടലില്‍ മുറിയെടുത്താണ് ഇവര്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ ലഹരി മരുന്ന് വില്‍പന നടത്തിയിരുന്നത്. ആര്‍ക്കും സംശയം തോന്നാതിരിക്കാൻ റൗഫ് മരപ്പണിക്ക് പോകുകയാണെന്ന വ്യാജേന പണി ആയുധങ്ങളുമായാണ് വീട്ടില്‍ നിന്ന് ഇറങ്ങിയിരുന്നത്. ലോഡ്ജുകളില്‍ മുറിയെടുത്ത് ലഹരി കച്ചവടം നടത്തുകയും ലഹരി വില്‍പന കഴിഞ്ഞാല്‍ വൈകിട്ട് വീട്ടിലേക്ക് മടങ്ങുകയുമായിരുന്നു പതിവ്.
Read Also : കേരളത്തിൽ പിണറായി വിജയന്റെയും വിഡി സതീശന്റെയും പേരിലുള്ള ആരോപണങ്ങൾ അന്വേഷിക്കുന്നില്ല: കെ സുരേന്ദ്രൻ
ഗള്‍ഫിലായിരുന്ന ദില്‍ഷാദ് അടുത്തിടെയാണ് നാട്ടിലെത്തിയത്. ഗള്‍ഫില്‍ പോകുന്നതിനേക്കാള്‍ വരുമാനം ഇവിടെ ഉണ്ടാക്കാമെന്ന് പറഞ്ഞ് ദില്‍ഷാദിനെ ലഹരിമരുന്ന് കച്ചവടത്തില്‍ പങ്കാളിയാക്കുകയായിരുന്നു.
ആവശ്യക്കാര്‍ ഫോണില്‍ വിളിച്ചാല്‍ മാളിന്റെ പരിസരത്ത് എത്താനായി അറിയിച്ച് കൈമാറ്റം നടത്തുന്നതാണ് രീതി. 29.30 ഗ്രാം എംഡിഎംഎയുമായിട്ടാണ് ഇവർ പിടിയിലായത്. വിപണിയില്‍ ഒന്നര ലക്ഷംരൂപ വിലവരും. ലഹരിമരുന്ന് വില്‍പനയില്‍ ലഭിച്ച 26,000 രൂപയും മൊബൈല്‍ ഫോണുകളും ഇരുചക്ര വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചവരെയും ആര്‍ക്കെല്ലാമാണ് വില്‍പന നടത്തിയതെന്നും അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
നര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ ടി.പി.ജേക്കബിന്റെ നേത്യത്വത്തിലുള്ള ഡാൻസാഫും പന്തീരാങ്കാവ് പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കും.
Post Your Comments