ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രയാൻ-3-ന്റെ സോഫ്റ്റ് ലാൻഡിംഗിന് ശേഷിക്കുന്നത് ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങൾ. നിലവിൽ, പേടകം ചന്ദ്രോപതലത്തിൽ ഇറങ്ങുന്നതിന് മുന്നോടിയായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചിട്ടുണ്ട്. രണ്ടാം ഘട്ട ഡിബൂസ്റ്റിംഗ് നാളെയാണ് നടക്കുക. ഈ പ്രക്രിയ നാളെ രാത്രി രണ്ട് മണിക്ക് ഷെഡ്യൂൾ ചെയ്തതായി ഐഎസ്ആർഒ അറിയിച്ചിട്ടുണ്ട്. ഇന്നലെ ആദ്യ ഘട്ട ഡിബൂസ്റ്റിംഗ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയിരുന്നു. പേടകത്തിന്റെ വേഗത കുറച്ചുളള ഭ്രമണപഥം താഴ്ത്തലിനെയാണ് ഡിബൂസ്റ്റിംഗ് എന്ന് പറയുന്നത്.
ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലേക്കാണ് പേടകത്തെ സാവധാനം താഴ്ത്തിയത്. ലാൻഡറിന്റെ വേഗം കുറച്ച് ത്രസ്റ്റര്‍ എഞ്ചിനുകൾ ഉപയോഗിച്ചാണ് ഈ ഘട്ടം ഐഎസ്ആർഒ പൂർത്തിയാക്കിയത്. നിലവിൽ, ചന്ദ്രനിൽ നിന്ന് കുറഞ്ഞത് 113 കിലോമീറ്ററും, കൂടിയത് 157 കിലോമീറ്ററും അകലെ ദീർഘവൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് പേടകം ഉള്ളത്. നാളെ പുലർച്ചയോടെ രണ്ടാം ഘട്ട ഡി ബൂസ്റ്റിംഗ് പൂർത്തിയാക്കിയാൽ, ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-ന് ശാസ്ത്രലോകം ഒന്നടങ്കം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് നടക്കും. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ മാൻസിനസ് ഗർത്തത്തിന് അടുത്തായാണ് സോഫ്റ്റ് ലാൻഡിംഗ് നടത്തുക.
Post Your Comments