News

ഭാരതീയ ദേവതാ സങ്കൽപ്പത്തിന് മാനുഷിക മുഖം നൽകിയ കലാകാരൻ, ചിത്രകാരന്മാർക്കിടയിലെ രാജാവ് രാജ രവി വര്‍മ്മ

രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവുമായിരുന്നു രവി വര്‍മ്മ. ഭാരതീയ ദേവതാ സങ്കൽപ്പത്തിന് മാനുഷിക മുഖം നൽകിയ കലാകാരൻകൂടിയാണ് രവി വർമ്മ. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ ചിത്രകലയുടെ ഉന്നമനത്തിനും വരകളിലെ വേഷവിധാനത്തിലൂടെ സാംസ്കാരികോന്നമനത്തിനും അദ്ദേഹം വഴിതെളിച്ചിരുന്നു. ഇതാണ് ഇത്രയധികം ആരാധകര്‍ രവിവര്‍മ്മയ്ക്ക് ഉണ്ടാകാൻ കാരണമായത്.

അദ്ദേഹത്തിന്റെ ഓരോ ചിത്രത്തിനും കോടികളാണ് ഇന്ന് വിലമതിക്കുന്നത്. രവിവര്‍മ്മ ചിത്രങ്ങള്‍ക്ക് നൂറ്റാണുകള്‍ കഴിഞ്ഞിട്ടും ഇന്നും ആവശ്യക്കാരുണ്ടെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. പൊന്നും വില കൊടുത്താണ് യഥാര്‍ത്ഥ ചിത്രങ്ങള്‍ പലരും ലേലത്തിൽ വാങ്ങിയത്. തിലോത്തമ എന്ന അദ്ദേഹത്തിന്റെ ചിത്രം 7,95,000 ഡോളറിനാണ് (അഞ്ച് കോടി രൂപ) ന്യൂയോര്‍ക്കിൽ ലേലത്തിൽ പോയിരിക്കുന്നത്. അര്‍ദ്ധനഗ്നമായ തന്റെ ശരീരത്തിൽ ചുവപ്പ് സാരി ധരിച്ച് ആകാശത്തേക്ക് പറക്കുന്നു ചിത്രമാണിത്. രവിവർമ്മയുടെ പതിവ് സ്ത്രീകളുടെ ചിത്രങ്ങളിൽ കാണുന്നതെല്ലാം ഇതിലും കാണുന്നുവെന്നത് ശ്രദ്ധേയമാണ്.

തിരുവിതാംകൂറിലെ മുൻ നാട്ടുരാജ്യമായ കിളിമാനൂർ കൊട്ടാരത്തിലെ രവിവർമ കോയിൽ തമ്പുരാനായാണ് രാജാ രവിവർമ്മ ജനിച്ചത്. 1848 ഏപ്രിൽ 29നാണ് പണ്ഡിതനായ ഏഴുമവിൽ നീലകണ്ഠൻ ഭട്ടതിരിപാടിനും കവിയും എഴുത്തുകാരിയുമായിരുന്ന ഉമയാംബ തമ്പുരാട്ടിക്കും രവിവര്‍മ ജനിക്കുന്നത്. സി. ഗോദ വർമ്മ, സി. രാജ രാജവർമ്മ, മംഗള ബായി തമ്പുരാട്ടി എന്നിവരായിരുന്നു രാജാ രവിവർമ്മയുടെ സഹോദരങ്ങൾ. പൂരൂരുട്ടാതി നാളിൽ ജനിച്ച കുട്ടിക്ക്‌ പുരാണകഥകളോടായിരുന്നു കുട്ടിക്കാലത്തേ താൽപര്യം. കുട്ടിക്ക്‌ രണ്ടു മൂന്ന് വയസ്സായപ്പോൾ തന്നെ കിളിമാനൂർ കൊട്ടാരത്തിന്റെ ചുവരുകൾ ചിത്രങ്ങൾ കൊണ്ട്‌ നിറഞ്ഞു തുടങ്ങി.

അദ്ദേഹത്തിന്റെ സഹോദരി മംഗളാ ഭായി തമ്പുരാട്ടിയും ചിത്രകാരി ആയിരുന്നു. ആ കരിക്കട്ടച്ചിത്രങ്ങളുടെ തനിമ കണ്ടറിഞ്ഞ മാതുലനും സ്വാതിതിരുനാൾ മഹാരാജാവിന്റെ ആസ്ഥാന ചിത്രകാരനും ആയിരുന്ന രാജരാജവർമ്മ കുട്ടിയിലെ പ്രതിഭ കണ്ടെത്തുകയും ഉടൻ തന്നെ ചിത്രകല പഠിപ്പിക്കുവാൻ ആരംഭിക്കുകയും ചെയ്തു. ഒരിക്കൽ ഗുരുവും മാതുലനുമായിരുന്ന രാജരാജവർമ്മ പകുതി വരച്ചിട്ടു പോയ ഒരു ചിത്രം, ഗുരു, മനസ്സിൽ കണ്ടതുപോലെ തന്നെ രവിവർമ്മ പൂർത്തിയാക്കി വച്ചു. പ്രകൃതി പ്രതിഭാസങ്ങളെയും ഈ ലോകത്തിലെ എല്ലാ ചരാചരങ്ങളെയും മനസ്സിൽ ഒപ്പിയെടുക്കുകയും അവയെ ചിത്രത്തിൽ പകർത്തുകയും ചെയ്യുക കൊച്ചുരവിവർമ്മയ്ക്ക്‌ സന്തോഷം പകരുന്ന കാര്യമായിരുന്നു.

കഥകളി സംഗീതത്തിലും കച്ചകെട്ടിയാടുന്നതിലും താളം പിടിക്കുന്നതിലുമെല്ലാം കഴിവു തെളിയിച്ച ആ വ്യക്തിത്വം അങ്ങനെ ബഹുമുഖപ്രതിഭയായി വളരാൻ തുടങ്ങി.സ്വാതിതിരുനാളിനെ തുടർന്ന് തിരുവിതാംകൂറിന്റെ ഭരണാധികാരിയായ ആയില്യം തിരുനാളിന്റെ അടുത്ത്‌ മാതുലൻ രാജരാജവർമ്മയുമൊത്ത്‌ രവിവർമ്മ എത്തി. കേവലം പതിനാല് വയസ്സു മാത്രമുണ്ടായിരുന്ന രവിവർമ്മയുടെ ചിത്രങ്ങൾ കണ്ട്‌ സന്തുഷ്ടനായ ആയില്യം തിരുനാൾ മഹാരാജാവ്‌, തിരുവനന്തപുരത്ത്‌ താമസിക്കാനും ചിത്രമെഴുത്ത്‌ കൂടുതൽ പരിശീലിക്കാനും എണ്ണച്ചായ-ചിത്രരചന പുതിയതായി പഠിക്കാനും രവിവർമ്മയോടു കൽപ്പിച്ചു.

നിർദ്ദേശം ശിരസാവഹിച്ച രവിവർമ്മ തിരുവനന്തപുരത്ത്‌ മൂടത്തുമഠത്തിൽ താമസമുറപ്പിച്ചു. സ്വാതിതിരുന്നാളിന്റെ കാലത്ത്‌ തഞ്ചാവൂരിൽ നിന്നെത്തിയ ചിത്രകാരന്മാർ വരച്ച ചിത്രങ്ങൾ തന്റെ ആദ്യപാഠങ്ങളാക്കി. ആയില്യംതിരുനാളിന്റെ പ്രത്യേക താൽപ്പര്യത്തിൽ വിദേശത്തുനിന്നും തന്റെ സ്വദേശത്തുനിന്നും എത്തിയ അപൂർവ്വ ചിത്രരചനാ-പാഠപുസ്തകങ്ങളും രവിവർമ്മയ്ക്ക്‌ സഹായകമായി. കൂടാതെ തിരുവനന്തപുരം വലിയകൊട്ടാരത്തിൽ രവിവർമ്മയ്ക്കായി ചിത്രശാലയും ഒരുങ്ങി.

അക്കാലത്ത്‌ തിരുവിതാംകൂറിൽ എണ്ണച്ചായച്ചിത്രങ്ങൾ വരക്കുന്ന ഏക ചിത്രകാരൻ മധുര സ്വദേശിയായ രാമസ്വാമി നായ്ക്കർ ആയിരുന്നു. അദ്ദേഹത്തിനടുത്ത്‌ ശിഷ്യനാകാൻ താത്പര്യം പ്രകടിപ്പിച്ച രവിവർമ്മയ്ക്ക്‌ പാഠങ്ങൾ പറഞ്ഞു കൊടുക്കാൻ നായ്ക്കർക്ക്‌ സമ്മതമല്ലായിരുന്നു. രവിവർമ്മയിൽ നായ്ക്കർ ഒരു എതിരാളിയെ ദർശിച്ചതായിരുന്നു കാരണം. ഇതു രവിവർമ്മയിൽ മത്സരബുദ്ധിയും എണ്ണച്ചായച്ചിത്രങ്ങൾ എങ്ങനെയും പഠിക്കണമെന്ന വാശിയും ഉണർത്തി. അദ്ദേഹം കൊട്ടാരത്തിലെ വിദേശ എണ്ണച്ചായച്ചിത്രങ്ങൾ നോക്കി സ്വയം പഠിക്കാൻ ആരംഭിച്ചു. സ്വയം ചായക്കൂട്ടുകൾ നിർമ്മിക്കാനും അദ്ദേഹം ശീലിച്ചു.

രാജാ രവിവർമ്മ, മാവേലിക്കരയിലെ രാജകുടുംബമായ പുരുരുത്തി നതി ഭാഗീരതി അമ്മ തമ്പുരാനെ (കൊച്ചു പാംഗി) വിവാഹം കഴിക്കുകയും ചെയ്തു. ഇതിൽ അവർക്ക് രണ്ട് ആൺകുട്ടികളും രണ്ട് പെൺകുട്ടികളുമുണ്ടായിരുന്നു.

ഹംസ – ദമയന്തി, സീതാസ്വയംവരം, സീതാപഹരണം, സീതാഭൂപ്രവേശം, ശ്രീരാമപട്ടാഭിഷേകം, വിശ്വമിത്രനും മേനകയും, ശ്രീകൃഷ്ണ ജനനം, രാധാമാധവം, അര്‍ജ്ജുനനും സുഭദ്രയും തുടങ്ങിയവയാണ് രാജാരവിവര്‍മ്മയുടെ പ്രധാന പുരാണ ചിത്രങ്ങള്‍. സ്‌നാനം കഴിഞ്ഞ സ്ത്രീ, നര്‍ത്തകി, വിദ്യാര്‍ത്ഥി, ഇന്ത്യയിലെ സംഗീതജ്ഞര്‍, അച്ഛന്‍, ഉദയപ്പൂര്‍ കൊട്ടാരം തുടങ്ങി അനേകം പ്രശസ്ത ചിത്രങ്ങളും രചിച്ചിട്ടുണ്ട്. അതിന് പുറമെ, മുല്ലപ്പൂ ചൂടിയ നായർ വനിത, ദർഭമുന കൊണ്ട ശകുന്തള, ഹംസദമയന്തീ സംവാദം
അമ്മകോയീതമ്പുരാൻ, മലബാർ മനോഹരി, കിണറ്റിൻ കരയിൽ, മാർത്ത് മറിയവും ഉണ്ണി ഈശോയും, പ്രതീക്ഷ
നിരാശാജനകമായ വാർത്ത, വധു, വിവാഹ വേദിയിലേക്ക്‌, കാദംബരി, ഫലമേന്തിയ സത്രീ, വീണയേന്തിയ സ്ത്രീ, ദ്രൗപദി വിരാടസദസ്സിൽ എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റേതായി വന്നിട്ടുണ്ട്.

2017 മാർച്ചിൽ, സോതെബിയുടെ റിപ്പോര്‍ട്ട് പ്രകാരം രവിവർമ്മയുടെ ദമയന്തി 1.2 മില്യൺ ഡോളറിന് വിറ്റിരുന്നു. കൂടാതെ, നിലാവിൽ നിൽക്കുന്ന രാധ (രാധ ഇൻ ദ മൂൺലൈറ്റിൽ) 23 കോടി രൂപയ്ക്ക് വിറ്റു. ഇത്തരത്തിൽ നിരവധി ചിത്രങ്ങളാണ് ലക്ഷങ്ങളും കോടികളും വിലയിട്ടിരിക്കുന്നത്.1904 നവംബറിൽ അനുജൻ രാജരാജവർമ്മ മരിച്ചു, ഇത്‌ രവിവർമ്മയെ അപ്രതീക്ഷിതമായി തളർത്തി. എങ്കിലും അദ്ദേഹം നേരത്തേ ഏറ്റിരുന്ന ചിത്രങ്ങളുടെ രചനയിൽ മുഴുകി. 1906- ആയപ്പോഴേക്കും പ്രമേഹ രോഗബാധിതനായിരുന്ന രവിവർമ്മയുടെ നില മോശമായി. 1906 -സപ്തംബറിൽ, രവിവർമ്മ രോഗശയ്യയിൽ എന്ന്, ഇന്ത്യയിലേയും വിദേശങ്ങളിലെയും പത്രങ്ങളിലെല്ലാം വാർത്ത വന്നു.

സമൃദ്ധമായ ചിത്രരചനയില്‍ മുഴുകിയ അദ്ദേഹം 1906 ഒക്ടോബര്‍ 2-ന് കിളിമാനൂരില്‍ അന്തരിച്ചു.മഹാരാഷ്ട്രയിലെ വനിതകളുടെ വേഷമായിരുന്ന സാരി ഇന്ത്യൻ വേഷം എന്ന നിലയിലേക്ക് വളർന്നത്, രവിവർമ്മയുടെ ചിത്രങ്ങളിലെ സ്ത്രീകൾ സാ‍രിയുടുത്തിരുന്നവരായതു കൊണ്ടാണ് എന്ന് ഒട്ടുമിക്ക ചരിത്രകാരന്മാരും ഉറച്ചു വിശ്വസിക്കുന്നു.

പ്രധാനചിത്രങ്ങൾ

  1. അച്ഛൻ അതാ വരുന്നു
  2. മുല്ലപ്പൂ ചൂടിയ നായർ വനിത
  3. ദർഭമുന കൊണ്ട ശകുന്തള
  4. ഹംസദമയന്തീ സംവാദം
  5. അമ്മകോയീതമ്പുരാൻ
  6. മലബാർ മനോഹരി
  7. കിണറ്റിൻ കരയിൽ
  8. മാർത്ത് മറിയവും ഉണ്ണി ഈശോയും
  9. പ്രതീക്ഷ
  10. നിരാശാജനകമായ വാർത്ത
  11. വധു
  12. വിവാഹ വേദിയിലേക്ക്‌
  13. കാദംബരി
  14. ഫലമേന്തിയ സത്രീ
  15. വീണയേന്തിയ സ്ത്രീ
  16. ദ്രൌപദി വിരാടസദസ്സിൽ
  17. ഹിസ്റ്റോറിക് മീറ്റിംഗ്
  18. തമിഴ് സ്ത്രീയുടെ ഗാനാലാപനം
  19. ശകുന്തളയുടെ പ്രേമലേഖനം

shortlink

Related Articles

Post Your Comments

Related Articles


Back to top button