Article

പ്രണയമായും വിരഹമായും ഗൃഹാതുര നൊമ്പരമായും മലയാള കവിതയുടെ ഗതിവിഗതികളില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ അനശ്വര കവി

ചലച്ചിത്ര- സാഹിത്യ രംഗങ്ങളില്‍ ഒരേസമയം കത്തിജ്വലിച്ച പ്രതിഭ

ഗാനരചയിതാവ് എന്ന നിലയില്‍ ചലച്ചിത്രരംഗത്തും കവി എന്ന നിലയില്‍ സാഹിത്യ രംഗത്തും ഒരേസമയം കത്തിജ്വലിച്ച പ്രതിഭയാണ് ഒഎന്‍വി കുറുപ്പ്. ഒ എന്‍ കൃഷ്ണക്കുറുപ്പിന്റെയും കെ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1931 മെയ്27 ന് ചവറയിലെ ഒറ്റപ്പിലാവിലാണ് ഒറ്റപ്ലാക്കില്‍ നമ്പ്യാടിക്കല്‍ നീലകണ്ഠന്‍ വേലുക്കുറുപ്പെന്ന ശ്രീ ഒ.എന്‍.വി കുറുപ്പിന്റെ ജനനം. മലയാളം ബിരുദാനന്തര ബിരുദ ധാരിയായ അദ്ദേഹം പ്രൊഫസ്സറും ഗവണ്മെന്റ് കൊളീജിയറ്റ് എഡ്യൂക്കേഷന്റെ മലയാള ബിരുദാനന്തര വിഭാഗത്തിന്റെ തലവനുമായി ഔദ്യോഗിക മേഖലയില്‍ നിന്നും വിരമിച്ചു.

Read Also: അടൂർ ​ഗോപാലകൃഷ്ണൻ:ഗാനനൃത്ത രംഗങ്ങളില്ലാത്ത സിനിമകൾ ചിന്തിക്കാനാവാത്ത കാലത്ത് ‘സ്വയംവരം‘ പ്രദർശനത്തിനെത്തിച്ച സംവിധായകൻ

കോളേജ് വിദ്യാര്‍ത്ഥി ആയിരിക്കെ സംഗീത സംവിധായകന്‍ ജി ദേവരാജനെ പരിചയപ്പെട്ടത് ഒ.എന്‍.വിയുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രവര്‍ത്തനങ്ങളുടെ ജീവനാഡി ആയിരുന്ന കെപിഎസി നാടകങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒരുക്കിയ പൊന്നരിവാളമ്പിളിയില്‍, മാരിവില്ലിന്‍, അമ്പിളി അമ്മാവാ തുടങ്ങിയ ഗാനങ്ങള്‍ വലിയ ജനപ്രീതി ആണ് നേടിയത്.

ഈ കൂട്ടുകെട്ട് ഒരുമിച്ചു തന്നെ സിനിമയിലും അരങ്ങേറുന്നതിനു കാരണമായി. കാലം മാറുന്നു എന്ന ചിത്രത്തിലെ ആ മലര്‍പൊയ്കയില്‍ എന്ന ഗാനവുമായി 1955 ല്‍ ചലച്ചിത്ര ഗാന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹത്തിനു അധ്യാപക ജോലിയുടെ തിരക്കുകള്‍ മൂലം അടുത്ത രണ്ട് പതിറ്റാണ്ട് ഒരുപാട് സിനിമകള്‍ക്ക് വേണ്ടി ഗാനങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞില്ല.

എഴുപതുകളുടെ പകുതിയോടെ വയലാറിന്റെ വിയോഗവും ഒപ്പം പുതുതലമുറ സംവിധായകരുടെ മാറിയ സംഗീതാഭിരുചികളും ഒഎന്‍വിയെ മുന്‍നിരയില്‍ എത്തിച്ചു. തുടര്‍ന്നു ഒന്നര ദശകം ഒഎന്‍വി എണ്ണമറ്റ ഹിറ്റ് ഗാനങ്ങള്‍ക്ക് വേണ്ടി കാവ്യഭംഗിയുള്ള വരികള്‍ എഴുതി. 1990കളോടെ സിനിമകളുടെ എണ്ണം കുറഞ്ഞു, എങ്കിലും മികച്ച ഗാനങ്ങള്‍ക്ക് മരണം വരെയും ആ തൂലിക ചലിച്ചിരുന്നു.

ദേവരാജന്‍, എം ബി ശ്രീനിവാസന്‍, രവീന്ദ്രന്‍, സലീല്‍ ചൗധരി, ജോണ്‍സണ്‍ എന്നീ സംഗീത സംവിധായകരുടെ കൂടെയാണ് അദ്ദേഹം കൂടുതല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്. 14 അവാര്‍ഡുകളോടെ മികച്ച ഗാനരചയിതാവിനുള്ള കേരള സംസ്ഥാന പുരസ്‌കാരം  ഒ.എന്‍.വിയെ തേടി എത്തി. വൈശാലി എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് 1988ലെ ദേശീയ പുരസ്‌കാരവും ലഭിച്ചു.

21 കവിതാ സമാഹാരങ്ങളും ഭാവഗീതങ്ങളുടെ ആറു സമാഹാരങ്ങളും രചിച്ച ഒ.എന്‍.വി ക്ക് നിരവധി സാഹിത്യ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. 2007ല്‍ സാഹിത്യത്തിലെ പരമോന്നത ഇന്ത്യന്‍ പുരസ്‌കാരമായ ജ്ഞാനപീഠം, 1972 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 1982 ലെ സോവിയറ്റ് ലാന്‍ഡ് നെഹ്രു അവാര്‍ഡ്, 1982 ലെ വയലാര്‍ അവാര്‍ഡ്, 1989 ലെ ആശാന്‍ പ്രൈസ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. 1998ല്‍ പദ്മശ്രീ, 2011ല്‍ പദ്മവിഭൂഷന്‍ എന്നീ സിവില്യന്‍ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളാല്‍ ഫെബ്രുവരി 13, 2016ല്‍ തന്റെ 84-ാം വയസ്സില്‍ അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button