Latest NewsArticleNews

‘ബേപ്പൂർ സുൽത്താൻ’: നാടൻ ഭാഷകളുടെ നർമ്മത്തിൽ പൊതിഞ്ഞ ആവിഷ്കാരം കൊണ്ട് വായനക്കാരുടെ മനം കീഴടക്കിയ എഴുത്തുകാരൻ

താൻ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ചുറ്റുപാടുകളിൽ നിന്നാണ് ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങൾ പലപ്പോഴും രൂപം കൊള്ളാറുള്ളത്

നാടൻ ഭാഷാപ്രയോഗങ്ങളിലൂടെ ചിരിയും തമാശയും കൃതികളിൽ ചേർത്തുനിർത്തിയ എഴുത്തുകാരനായിരുന്നു മലയാളത്തിന്റെ സ്വന്തം വൈക്കം മുഹമ്മദ് ബഷീർ. ‘ബേപ്പൂർ സുൽത്താൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ കഥകൾക്ക് പ്രത്യേക ആമുഖത്തിന്റെ ആവശ്യമില്ല. മലയാളം അറിയുന്നവർ ഒരിക്കലെങ്കിലും കേട്ടിരിക്കുന്ന പേരാണ് ബഷീറിന്റേത്. ഭാഷാപ്രയോഗങ്ങൾ മാത്രമല്ല, അർത്ഥമില്ലാത്ത വാക്കുകൾ പോലും ഫലപ്രദമായ രീതിയിൽ സമന്വയിപ്പിച്ച് ആസ്വാദനത്തിന്റെ പുതിയ ലോകം തന്നെ ബഷീർ സൃഷ്ടിച്ചിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ ആളുകളുടെ ഭാഷയായതിനാൽ വായനക്കാരുടെ മനസിലേക്ക് എളുപ്പത്തിൽ ഇടം നേടാൻ ബഷീറിന്റെ കഥകൾക്ക് സാധിച്ചിരുന്നു. ആലങ്കാരിക പദങ്ങളുടെ ആർഭാടമില്ലാതെ, എല്ലാവർക്കും ഒരുപോലെ മനസിലാവുന്ന ഭാഷ എന്ന സവിശേഷതയും അദ്ദേഹത്തിന്റെ രചനകളെ വേറിട്ടതാക്കി.

1908 ജനുവരി 21ന് അബ്ദുറഹ്മാന്റെയും, കുഞ്ഞാത്തുമ്മയുടെയും ആറ് മക്കളിൽ മൂത്തമകനായി കോട്ടയം വൈക്കത്തിനടുത്ത് തലയോലപ്പറമ്പിൽ ആയിരുന്നു ബഷീറിന്റെ ജനനം. അബ്ദുൽ ഖാദർ, പാത്തുമ്മ, ഹനീഫ, ആനുമ്മ, അബൂബക്കർ എന്നിവരായിരുന്നു ബഷീറിന്റെ സഹോദരങ്ങൾ. തലയോലപ്പറമ്പിലെ സ്കൂളിൽ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, പിന്നീട് ഇംഗ്ലീഷ് സ്കൂളിലായിരുന്നു ബഷീർ പഠിച്ചിരുന്നത്. മഹാത്മാഗാന്ധിയെ കാണാനുള്ള അദ്ദേഹത്തിന്റെ അടക്കാനാകാത്ത ആഗ്രഹം അദ്ദേഹത്തെ സ്വാതന്ത്ര്യ സമരത്തിലേക്ക് ആകൃഷ്ടനാക്കകുകയായിരുന്നു. “ഉമ്മാ, ഞാൻ ഗാന്ധിജിയെ തൊട്ടു” എന്ന് അഭിമാനപൂർവ്വം ഉമ്മയോട് പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന്റെ കൃതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Also Read: പുരാവസ്തു തട്ടിപ്പ് കേസ്: ഇ.ഡിക്ക് മുന്നില്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് കെ സുധാകരന്‍

ഏത് പ്രതിസന്ധികളിലും പ്രത്യാശയുടെ വെളിച്ചം കാത്തുസൂക്ഷിച്ച എഴുത്തുകാരൻ കൂടിയായിരുന്നു ബഷീർ. ഏത് പ്രായക്കാർക്കും ഒരുപോലെ വായിച്ച് രസിക്കാൻ കഴിയുന്ന ഒട്ടനവധി കഥകൾ മലയാള സാഹിത്യത്തിനായി ബഷീർ സമ്മാനിച്ചിട്ടുണ്ട്. അനുഭവ സമ്പത്താണ് അദ്ദേഹത്തിന്റെ എഴുത്തുകൾക്ക് ജീവൻ പകർന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചും, പല ജോലികൾ ചെയ്തും ജീവിതപാഠം കൃത്യമായി പഠിച്ച ഒരു വ്യക്തി കൂടിയായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെ നർമ്മം തുളുമ്പുന്ന ഭാഷയ്ക്കുള്ളിൽ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ നേരിടേണ്ടിവന്ന സങ്കടങ്ങളും ബഷീർ ഒളിപ്പിച്ചിരുന്നു. അനർഘനിമിഷം എന്ന കഥയിൽ “എന്റെ ചിരിക്കകത്തെ ദുഃഖത്തിന്റെ മുഴക്കം അവർ കേൾക്കുന്നില്ല” എന്ന വാചകത്തിലൂടെ ബഷീർ പല കാര്യങ്ങളും പറയാതെ പറഞ്ഞിരുന്നു.

താൻ ജീവിക്കുന്നതോ ജീവിച്ചിരുന്നതോ ആയ ചുറ്റുപാടുകളിൽ നിന്നാണ് ബഷീറിന്റെ കഥകളിലെ കഥാപാത്രങ്ങൾ പലപ്പോഴും രൂപം കൊള്ളാറുള്ളത്. മനുഷ്യർക്ക് പുറമേ, ആട്, പട്ടി, പൂച്ച, കാക്ക തുടങ്ങിയ ജീവികളും ബഷീറിന്റെ കഥയിലെ കഥാപാത്രങ്ങളായിരുന്നു. ബാല്യകാലസഖി, ശബ്ദങ്ങൾ എന്നീ നോവലുകളും അപൂർവ്വം ചില കഥകളും ഒഴികെ ബഷീറിന്റെ രചനകളിൽ അധികവും ഫലിതം നിറഞ്ഞവയായിരുന്നു. ജീവിതത്തെ എപ്പോഴും ഒരു ചെറുപുഞ്ചിരിയോടെ നോക്കിയ ബഷീറിന്റെ ‘പാത്തുമ്മയുടെ ആടും’, ‘വിശ്വവിഖ്യാതമായ മൂക്കു’മെല്ലാം കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കഥകളാണ്.

ചലച്ചിത്രങ്ങൾ

  • ഭാർഗവീനിലയം

ബഷീറിന്റെ നീലവെളിച്ചം എന്ന മൂലകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഭാർഗവീനിലയം. സാങ്കൽപ്പിക പ്രേത കഥാപാത്രമായിരുന്നു നീലവെളിച്ചത്തിലേത്.
.

  • മതിലുകൾ

ബഷീറിന്റെ മതിലുകൾ എന്ന നോവൽ സിനിമയായിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലത്ത് എഴുതിയ നോവലാണ് മതിലുകൾ. ഈ ചിത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയാണ് അഭിനയിച്ചത്.

  • ബാല്യകാലസഖി

സിനിമയായി തീർന്ന ബഷീറിന്റെ രണ്ടാമത്തെ നോവലാണ് ബാല്യകാലസഖി. പി.ഭാസ്കരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ പ്രേംനസീനാണ് മജീദായി അഭിനയിച്ചത്.

ബഷീറിന്റെ പ്രധാന കൃതികൾ

  • പ്രേമലേഖനം
  • ബാല്യകാലസഖി
  • ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്
  • ആനവാരിയും പൊൻകുരിശും
  • പാത്തുമ്മയുടെ ആട്
  • മതിലുകൾ
  • ഭൂമിയുടെ അവകാശികൾ
  • ശബ്ദങ്ങൾ
  • അനുരാഗത്തിന്റെ ദിനങ്ങൾ
  • ഭാർഗവീനിലയം
  • വിശ്വവിഖ്യാതമായ മൂക്ക്
  • സ്ഥലത്തെ പ്രധാന ദിവ്യൻ
  • നീലവെളിച്ചം
  • ജന്മദിനം
  • ഓർമ്മക്കുറിപ്പ്
  • അനർഘനിമിഷം
  • വിശപ്പ്
  • വിഡ്ഢികളുടെ സ്വർഗ്ഗം
  • ഓർമ്മക്കുറിപ്പ്

ബഹുമതികൾ

  • ഇന്ത്യാ ഗവൺമന്റിന്റെ പത്മശ്രീ (1982)
  • കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് 1970
  • കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്,1981
  • കാലിക്കറ്റ് സർവ്വകലാശാലയുടെ ‘ഡോക്ടർ ഓഫ് ലെറ്റേഴ്സ്’ ബിരുദം (1987)
  • സംസ്കാരദീപം അവാർഡ് (1987)
  • പ്രേംനസീർ അവാർഡ് (1992)
  • ലളിതാംബിക അന്തർജ്ജനം അവാർഡ് (1992)
  • മുട്ടത്തുവർക്കി അവാർഡ് (1993)
  • വള്ളത്തോൾ പുരസ്കാരം‌(1993)

shortlink

Related Articles

Post Your Comments

Related Articles


Back to top button