
തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍ നിലവിലെ ദര്‍ശനക്രമം മാറുന്നു. ചിങ്ങപ്പിറവിയായ വ്യാഴാഴ്ച മുതല്‍ രീതികള്‍ അപ്പാടെ മാറും. ഭക്തര്‍ക്ക് കൂടുതല്‍ ദര്‍ശന സൗകര്യം ലഭിക്കുന്നതിനാണ് രീതികള്‍ മാറ്റുന്നത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. നിലവിലുള്ളത് തെക്ക് കുലശേഖര മണ്ഡപത്തിനരികിലൂടെ അകത്ത് കിഴക്കേ നടയിലെത്തി നരസിംഹമൂര്‍ത്തിയെ വണങ്ങിയ ശേഷം ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറി വടക്കു ഭാഗത്തു കൂടെ പുറത്തിറങ്ങുന്ന രീതിയാണ്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്.
Read Also: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: പ്രചാരണത്തിൽ മാസപ്പടി സജീവ ചർച്ചയാക്കുമെന്ന് വി ഡി സതീശൻ
കിഴക്കു ഭാഗത്തു നിന്നെത്തുന്ന ഭക്തരുടെ നിര ആലുവിളക്ക് ചുറ്റി വടക്കുഭാഗം വഴി ശ്രീകോവിലില്‍ പ്രവേശിക്കും. ശ്രീരാമസ്വാമി, വിഷ്വക്സേന മൂര്‍ത്തി എന്നിവരെ തൊഴുത ശേഷം ശ്രീപദ്മനാഭന്റെ പാദ ഭാഗത്തു കൂടി ഒറ്റക്കല്‍ മണ്ഡപത്തില്‍ കയറണം. പിന്നീട് ശിരോഭാഗം തൊഴുത് തെക്കേനടയിലൂടെ നരസിംഹമൂര്‍ത്തിയെ വണങ്ങി പ്രദക്ഷിണമായി വടക്കേനട വഴി പുറത്തിറങ്ങുന്നതാണ് പുതിയ രീതി.
അര്‍ച്ചന പ്രസാദം ക്ഷേത്രത്തിന് പുറകിലുള്ള മണ്ഡപത്തില്‍ വച്ച് വിതരണം ചെയ്യും. ശ്രീപദ്മനാഭ സ്വാമിയെ തൊഴുന്നത് പാദഭാഗത്തു നിന്നാണോ അതോ തിരുമുഖത്ത് നിന്നാണോ എന്ന കാര്യത്തില്‍ ഭക്തര്‍ക്കിടയില്‍ ചര്‍ച്ച തുടരുന്നുണ്ട്.
Post Your Comments