
ന്യൂഡൽഹി: ചെങ്കോട്ടയിൽ രാജ്യത്തിന്റെ 77-ാമത് ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന് വിട്ടുനിന്ന കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ വിവാദത്തിൽ. അസുഖമാണെന്ന കാരണം പറഞ്ഞാണ് ചെങ്കോട്ടയിലെ പരിപാടിയിൽ കോൺഗ്രസ് അദ്ധ്യക്ഷൻ പങ്കെടുക്കാഞ്ഞത്. എന്നാൽ എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ഖർഗെ സജീവമായി പങ്കെടുക്കുകയും ചെയ്തു.
‘കണ്ണിന് പ്രശ്നമുണ്ട്. പ്രോട്ടോക്കോള്‍ പ്രകാരം 9.20ന് വസതിയില്‍ കൊടി ഉയർത്തേണ്ടതുണ്ട്. അത് കഴിഞ്ഞ് എഐസിസിയിലും സ്വാതന്ത്രദിനാഘോഷ പരിപാടിയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷ ക്രമീകരണം അനുസരിച്ച് ചെങ്കോട്ടയിലെ പരിപാടി കഴിഞ്ഞ് ഉടനെ അവിടെയെത്താൻ കഴിയുമായിരുന്നില്ല’- ഖർഗെ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ പ്രസംഗം നടത്തുമ്പോൾ മുൻനിരയിലെ പ്രധാന കസേരകളിൽ ഒന്ന് ഒഴിഞ്ഞ് കിടന്നത് ദേശീയ മാദ്ധ്യമങ്ങളുൾപ്പെടെ ചൂണ്ടിക്കാട്ടിയിരുന്നു. രാജ്യത്തിന്റെ ഔദ്യോഗിക ആഘോഷമാണ് ചെങ്കോട്ടയിലേത്. ആ പരിപാടി അവഗണിച്ച് പാർട്ടി ആസ്ഥാനത്തെ പരിപാടിയിൽ പങ്കെടുത്തതിൽ സമൂഹമാദ്ധ്യമങ്ങളിലും കോൺഗ്രസ് അദ്ധ്യക്ഷനെതിരെ വിമർശനം ശക്തമാണ്.
Post Your Comments