കണ്ണൂരിൽ പോലീസുകാരെ മുറിക്കകത്ത് പൂട്ടിയിട്ട് മർദ്ദിച്ചു, എസ്ഐക്കടക്കം പരിക്ക്

കണ്ണൂർ: അത്താഴക്കുന്നിൽ പൊലീസുകാരെ ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചു. ടൗൺ എസ്ഐ ഉൾപ്പടെയുള്ള പൊലീസുകാരെയാണ് ക്ലബ്ബിൽ പൂട്ടിയിട്ട് അക്രമിച്ചത്. എസ്ഐ സി എച്ച് നസീബിന്റെ കഴുത്തിന് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫീസർ അനീഷിനും മർദ്ദനത്തിൽ പരിക്കേറ്റിട്ടുണ്ട്. ഞായറാഴ്ച വൈകിട്ട് ആറേകാലോട് കൂടിയായിരുന്നു സംഭവം.

പട്രോളിങ്ങിനിടെ ക്ലബ്ബിൽ മദ്യപിക്കുന്നത് കണ്ടാണ് കയറിയത്. ക്ലബിൽ എത്തിയപ്പോൾ തന്നെ അവിടെ ഉണ്ടായിരുന്നവരുമായി വാക്കു തർക്കമുണ്ടായി. ‘നിങ്ങൾ എങ്ങിനെയാണ് ഞങ്ങൾ മദ്യപിക്കുന്നത് തടയുക, ബാറിലടക്കം ഇത്തരത്തിൽ മദ്യപാനം നടക്കുന്നില്ലെ’ എന്നിങ്ങനെ ഉന്നയിച്ചുകൊണ്ട് പുറത്ത് നിന്ന് വാതിൽ പൂട്ടി ആക്രമണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ക്ലബ്ബിനകത്ത് ഉണ്ടായിരുന്ന ആറ് പേർ ചേർന്നാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. മറ്റുള്ളവർ സംഭവ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നേരത്തേയും ഈ മേഖലയിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് ഇവിടെ പട്രോളിങ് നടത്തിയത്.

 

 

Share
Leave a Comment