ആൺസുഹൃത്തിനെ വിട്ടയക്കണമെന്നാവശ്യവുമായി ചങ്ങനാശേരിയിൽ പോലീസിനുനേരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം

ചങ്ങനാശ്ശേരി: ആൺസുഹൃത്തിനെ പിടികൂടിയതിന്റെ പേരിൽ പോലീസിനുനേരേ പെൺകുട്ടിയുടെ അതിക്രമം. തൃക്കൊടിത്താനം എസ്.എച്ച്.ഒ. ജി.അനൂപ്, സി.പി.ഒ. ശെൽവരാജ് എന്നിവരുടെ നേരേയാണ് പെൺകുട്ടി ചീത്തവിളിയും കൈയേറ്റവും നടത്തിയത്. ശനിയാഴ്ച വൈകീട്ട് നാലിന് തൃക്കൊടിത്താനം കൈലാത്തുപടിക്കു സമീപമാണ് സംഭവം. ഗോശാലപ്പറമ്പിൽ വിഷ്ണുവാണ് (19) പോലീസിന്റെ പിടിയിലായത്.

വിഷ്ണുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡുചെയ്തു. ബാറിൽ അക്രമം നടത്തിയതുൾപ്പെടെയുള്ള കേസ് ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. യുവാവിന്റെ വീട്ടിൽ സംശയാസ്പദമായ സാഹചര്യത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടതായി തൃക്കൊടിത്താനം പോലീസിനു രഹസ്യവിവരംകിട്ടി. തൃക്കൊടിത്താനം എസ്.എച്ച്.ഒ. അനൂപ് ഡ്രൈവർക്കൊപ്പം സ്ഥലത്തെത്തി. പോലീസ് ചോദ്യംചെയ്യുകയും വിഷ്ണുവിനെ അറസ്റ്റുചെയ്ത് ജീപ്പിൽ കയറ്റുകയും ചെയ്തു.

ഈസമയം വിഷ്ണുവിനൊപ്പം പെൺകുട്ടിയെ കണ്ടെത്തുകയുംചെയ്തു. വിഷ്ണുവിനെ ജീപ്പിൽനിന്നു ഇറക്കിവിടണമെന്നാവശ്യപ്പെട്ടാണ് പെൺകുട്ടി അതിക്രമം നടത്തിയതെന്ന് എസ്.എച്ച്‌.ഒ. പറഞ്ഞു. സംഭവമറിഞ്ഞ് നാട്ടുകാരും സ്ഥലത്തെത്തി. സ്റ്റേഷനിൽനിന്നുമെത്തിയ ശെൽവരാജ് ജീപ്പിന്റെ സൈഡിൽനിൽക്കുമ്പോൾ പെൺകുട്ടി ജീപ്പിന്റെ ഡോറടച്ചു. ഡോറിനിടയിൽപ്പെട്ട് ശെൽവരാജിന്റെ കൈപ്പത്തിക്കു പരിക്കേറ്റു. ശെൽവരാജിനെ ആശുപത്രിയിൽ എത്തിച്ച് പ്രഥമശുശ്രൂഷ നൽകി.

Share
Leave a Comment