കാഞ്ഞിരപ്പള്ളി: ഷാപ്പ് ജീവനക്കാരനെ പെപ്പർ സ്പ്രേ ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കൂവപ്പള്ളി മണ്ണാറക്കയം കറിപ്ലാവ് ഭാഗത്ത് കൊല്ലംകുന്നേൽ വീട്ടിൽ ബ്ലെസനെ(34)യാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം കൂവപ്പള്ളി മണ്ണാറക്കയം ഭാഗത്തുള്ള ഷാപ്പിനുള്ളില്‍ ഇയാൾ ബഹളം വച്ച് ചീത്ത വിളിച്ചതിനെ ഷാപ്പ് ജീവനക്കാരൻ ചോദ്യം ചെയ്യുകയും ഇയാളോട് പുറത്തുപോകാൻ പറയുകയുമായിരുന്നു. ഇതിലുള്ള വിരോധം മൂലം ബ്ലെസൺ കയ്യിൽ കരുതിയിരുന്ന കുരുമുളക് സ്പ്രേ ജീവനക്കാരന്റെ മുഖത്ത് അടിക്കുകയും തുടർന്ന് തന്റെ കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് ജീവനക്കാരനെ ആക്രമിക്കുകയുമായിരുന്നു.
Read Also : ഗഗന്യാന് പദ്ധതി: ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആര്‍ഒ
പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരപ്പള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇയാൾ കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. പ്രതിക്ക് പൊൻകുന്നത്തും കാഞ്ഞിരപ്പള്ളിയിലും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ നിർമൽ ബോസ്, എസ്ഐ ടി.ജി. രാജേഷ്, ഗോപകുമാർ, സുനിൽ, എഎസ്ഐ അനീഷ്, സിപിഒമാരായ ബിനോ, രാജേഷ്, രതീഷ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments