ചെന്നൈ: ബഹിരാകാശത്ത് മനുഷ്യനെ അയക്കാനുള്ള ഗഗൻയാൻ പദ്ധതിയ്ക്ക് വേണ്ടിയുള്ള ഡ്രോഗ് പാരച്യൂട്ട് ഡിപ്ലോയ്മെന്റ് ടെസ്റ്റുകൾ വിജയകരമായി നടത്തിയതായി ഐഎസ്ആർഒ. ചണ്ഡിഗഡിലെ ടെർമിനൽ ബാലിസ്റ്റിക്സ് റിസർച്ച് ലബോറട്ടറിയിലെ റെയിൽ ട്രാക്ക് റോക്കറ്റ് സ്ലെഡിൽ വെച്ചാണ് പാരച്യൂട്ട് പരീക്ഷിച്ചത്. ഏരിയൽ ഡെലിവറി റിസർച്ച് ആന്റ് ഡെവലപ് മെന്റ് എസ്റ്റാബ്ലിഷ്മെന്റിന്റെ സഹകരണത്തോടെയായിരുന്നു പരീക്ഷണം.
മനുഷ്യനെ സുരക്ഷിതമായി ബഹിരാകാശത്തെത്തിച്ച് ഭൂമിയിൽ തിരികെ ഇറക്കുകയാണ് ഗഗൻയാൻ പദ്ധതിയുടെ ലക്ഷ്യം. സ്വന്തം ബഹിരാകാശ നിലയം, മനുഷ്യനെ ഉൾപ്പെടുത്തിയുള്ള ചാന്ദ്ര പര്യവേക്ഷണം ഉൾപ്പടെ ഉള്ള ദൗത്യങ്ങൾക്ക് തങ്ങളുടെ ശേഷി തെളിയിക്കുകയാണ് ഗഗൻയാൻ പദ്ധതിയിലൂടെ ഐഎസ്ആർഒ ലക്ഷ്യമിടുന്നത്.
പദ്ധതിയിലെ പ്രധാന ഘടക ഭാഗങ്ങളിലൊന്നാണ് ഡ്രോഗ് പാരച്യൂട്ടുകൾ. ഭൂമിയിലേക്ക് തിരിച്ചിറങ്ങുന്ന സമയത്ത് സഞ്ചാരികൾ ഇരിക്കുന്ന പേടകത്തിന്റെ വേഗം ക്രമീകരിക്കുന്നതിന് ഇത് അത്യാവശ്യമാണ്.
നിർദേശം നൽകുമ്പോൾ പുറത്തുവരും വിധത്തിലാണ് ഈ പാരച്യൂട്ടുകൾ പേടകത്തിൽ സൂക്ഷിക്കുക. തദ്ദേശീയമായാണ് ഈ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. 5.8 മീറ്റർ വ്യാസമുണ്ടാവും ഈ പാരച്യൂട്ടുകൾക്ക്. ഡ്രോഗ് പാരച്യൂട്ടുകളുടെ ക്ഷമത പരിശോധിക്കുന്നതിനായി വിവിധ സാഹചര്യങ്ങൾ കൃത്രിമമായി സൃഷ്ടിച്ചായിരുന്നു പരീക്ഷണങ്ങൾ.
പരീക്ഷണങ്ങൾ വിജയകരമായതോടെ സെപ്റ്റംബറിൽ നടത്താൻ പദ്ധതിയിട്ടിരിക്കുന്ന ആദ്യ ടെസ്റ്റ് വെഹിക്കിൾ മിഷൻ വിക്ഷേപണത്തിൽ ഈ പാരച്യൂട്ടുകൾ ഉപയോഗിക്കാനാവും. മനുഷ്യന്റെ ബഹിരാകാശ യാത്രകളുടെ തയ്യാറെടുപ്പിന്റെ ഭാഗമായാണ് ടെസ്റ്റ് വെഹിക്കിൾ-ഡി1 ദൗത്യം നടത്തുന്നത്.
Post Your Comments