കോട്ടയം: പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ് എൽഡിഎഫ് സ്ഥാനാർത്ഥി. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. 33 വയസിനിടെ മൂന്ന് തെരഞ്ഞെടുപ്പുകളാണ് ജെയ്ക് നേരിടുന്നത്. മാത്രമല്ല അപ്പനോടും മകനോടും മത്സരിക്കുന്നു എന്നൊരു പ്രത്യേകത കൂടി ഇതോടെ ജെയ്ക്കിന് സ്വന്തമാവുകയാണ്. സ്ഥാനാർഥി നിർണയത്തിൽ ജെയ്ക്കിന് തന്നെയാണ് മുൻതൂക്കം ഉണ്ടായിരുന്നത്.
ഉമ്മൻ ചാണ്ടിയെന്ന വികാരം പരമാവധി മുതലെടുത്ത് ഉപതെരഞ്ഞെടുപ്പിന് ഇറങ്ങുന്ന കോൺഗ്രസിനെ നേരിടാൻ 2021 ലെ തെരഞ്ഞടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയെ വിറപ്പിച്ച ജെയ്ക് സി തോമസ്. ലോക്കൽ കമ്മിറ്റികളിൽ നിന്ന് നൽകിയ ഒറ്റപ്പേര് ജില്ലാ നേതൃത്വം സംസ്ഥാന സെക്രട്ടേറിയറ്റിന് മുന്നിൽ വച്ചു. ഉപതെരഞ്ഞെടുപ്പിൽ രാഷ്ട്രീയം മാത്രം പറയണമെന്നുറപ്പിച്ച സംസ്ഥാന നേതൃത്വത്തിനും മറിച്ചൊരു അഭിപ്രായം ഉണ്ടായില്ല. 2016 ലും 2021 ലും ഉമ്മൻചാണ്ടിക്കെതിരെ മികച്ച പ്രകടനം കാഴ്ച വച്ച ജെയ്ക്ക് ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മന് എതിരാളിയാകും.
അതേസമയം ജെയ്ക്കിനെ പരിഹസിച്ചു കോൺഗ്രസ് നേതാവ് കെ മുരളീധരൻ രംഗത്തെത്തി. ജെയ്ക് സി തോമസിന് ഹാട്രിക് കിട്ടുമെന്ന് കെ മുരളീധരന്‍ എംപി പരിഹസിച്ചു. അപ്പനോടും മകനോടും തോറ്റു എന്ന പേരും ലഭിക്കുമെന്ന് മുരളീധരന്‍ മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.പുതുപ്പള്ളിയില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍ തന്നെ ജയിക്കും. അവിടെ ഉമ്മന്‍ ചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് സിപിഎം നടത്തുന്നത് തറ പ്രചരണമാണ്. ഉമ്മന്‍ ചാണ്ടിക്ക് എല്ലാ ചികിത്സയും നല്‍കിയതാണ്. മറ്റു നേട്ടങ്ങളൊന്നും പറയാനില്ലാത്തതു കൊണ്ടാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നത്. ജനം അത് തള്ളുമെന്നും മുരളീധരന്‍ പറഞ്ഞു.
Post Your Comments