Latest NewsKerala

കോട്ടയത്ത് അർദ്ധരാത്രി 40കാരിയെ വെട്ടിക്കൊല്ലാൻ ശ്രമം: ഗുരുതരമായി പരിക്കേറ്റത് കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള യുവതി

കോട്ടയം: കോട്ടയം നഗരത്തിൽ പാതിരാത്രി സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം. ബസേലിയോസ് കോളജ് ജംക്‌ഷനിൽ മലയാള മനോരമയ്ക്കു സമീപം നടുറോഡിലായിരുന്നു നടുക്കുന്ന സംഭവം. കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റത്. സംഭവത്തിൽ കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്റെ പിടിയിലായി. ബിന്ദുവിന്റെ കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു.

ഇന്നലെ രാത്രി 12.30ന് ആണു സംഭവം. കഴുത്തിന് വെട്ടേറ്റു കിടന്ന സ്ത്രീയെ വെസ്റ്റ് പൊലീസ് ആംബുലൻസിൽ ജനറൽ ആശുപത്രിയിൽ എത്തിച്ചു. മദ്യലഹരിയിലാണ് ഇയാൾ ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം ബിന്ദുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. നില ഗുരുതരമാണ്.

ജംക്‌ഷന് സമീപം കടത്തിണ്ണയിൽ കിടക്കുകയായിരുന്നു ബിന്ദു. അംഗപരിമിതനായ എരുമേലി സ്വദേശി രാജു ഇവർക്ക് സമീപമിരുന്ന് ആഹാരം കഴിക്കാൻ ഒരുങ്ങുമ്പോൾ അവിടേക്ക് കത്തിയുമായി എത്തിയ ബാബു ആദ്യം ഇയാളെ ആക്രമിക്കുകയായിരുന്നു. ലോഹ ഊന്നുവടി ഉപയോഗിച്ച് രാജു വെട്ടു തടഞ്ഞു. രക്ഷപ്പെടാനായി രാജു മനോരമയ്ക്കു സമീപത്തേക്ക് ഓടി. ഈ സമയം ബിന്ദുവിനെ ആക്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ച് ബാബു കഴുത്തിന് വെട്ടുകയായിരുന്നെന്ന് ദൃക്സാക്ഷി പൊലീസിനോട് പറഞ്ഞു.

രക്തം വാർന്നൊഴുകി റോഡിൽ പതിനഞ്ചു മിനിറ്റോളം കിടന്ന ബിന്ദുവിനെ പൊലീസ് ആംബുലൻസ് വിളിച്ചുവരുത്തി ജനറൽ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഈ സമയം ബിന്ദുവിന്റെ തല താങ്ങി ഉയർത്താൻ ബാബു ശ്രമിക്കുന്നുണ്ടായിരുന്നു. പൊലീസിനെ അസഭ്യം പറയാനും ആക്രമിക്കാനും ശ്രമിച്ചു. ജനറൽ ആശുപത്രിയിലും ഇയാൾ എത്തി.

ബാബുവാണ് ആക്രമണം നടത്തിയതെന്ന് ദൃക്സാക്ഷി പറഞ്ഞതോടെ ആശുപത്രിയിൽ നിന്നു പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. വലിച്ചെറിഞ്ഞ വെട്ടു കത്തി പൊലീസ് കണ്ടെടുത്തു. എരുമേലി സ്വദേശി രാജുവിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. രാജു വെട്ടിയെന്നാണ് പൊലീസിനോടു ബാബുവിന്റെ മൊഴി. സിസിടിവി ദൃശ്യം പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button