വടക്കഞ്ചേരി: വാൽക്കുളമ്പ് പിട്ടുക്കാരിക്കുളമ്പ് എം.എം.യു.പി സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ പൂട്ട് പൊട്ടിച്ച് അതിക്രമിച്ച് കയറി മൂന്ന് ലാപ് ടോപുകൾ മോഷ്ടിച്ച രണ്ട് പ്രതികൾ പിടിയിൽ. പ്രദേശവാസികളായ വാൽക്കുളമ്പ് മുല്ലമംഗലം അലൻ എം. ഷാജി (23), ആരോഗ്യപുരം ചന്ദനാംപറമ്പ് വിമൽ (19) എന്നിവരാണ് പിടിയിലായത്.
ആഗസ്റ്റ് നാലിന് രാത്രിയാണ് മോഷണം നടത്തിയത്. ഏഴിന് സ്കൂൾ തുറന്ന് നോക്കിയപ്പോൾ മോഷണം നടന്നതായി ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സ്കൂൾ ഹെഡ്മിസ്ട്രസിന്റെ പരാതിയിൽ കേസെടുത്ത് വടക്കഞ്ചേരി പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. മോഷ്ടിച്ച ലാപ് ടോപ് വിൽപന നടത്താൽ ശ്രമിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന്, പൊലീസ് പ്രതികളെ പിന്തുടർന്ന് അന്വേഷിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരുടെ പക്കൽ നിന്ന് മോഷ്ടിച്ച ലാപ്ടോപുകൾ കണ്ടെടുത്തു. ഓൺലൈൻ ഗെയിം കളിക്കാൻ പണം കണ്ടെത്താനാണ് മോഷണം നടത്തിയത്. ആലത്തൂർ ഡിവൈ.എസ്.പിയുടെ നിർദ്ദേശ പ്രകാരം വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.ഐ കെ.പി. ബെന്നിയുടെ നേതൃത്വത്തിൽ എസ്.ഐ ജീഷ്മോൻ വർഗീസ്, സി.പി.ഒമാരായ റിനു, അജിത്ത്, ക്രൈം സ്ക്വാഡ് അംഗങ്ങളായ കൃഷ്ണദാസ്, സൂരജ്ബാബു, ദിലീപ് എന്നിവർ ചേർന്നാണ് പ്രതികളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. പ്രതികളെ ആലത്തൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Post Your Comments