മംഗലാപുരം: തലപ്പാടിയില്‍ ബിജെപി പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിക്കപ്പെടുന്ന വാര്‍ത്തകള്‍ക്കെതിരെ ബിജെപി. ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യയാണ് മാധ്യമങ്ങള്‍ പ്രചരിച്ചത് വ്യാജവാര്‍ത്തയാണെന്ന് വ്യക്തമാക്കിയത്. എസ്ഡിപിഐയുമായി സഖ്യത്തെക്കുറിച്ച് ചിന്തിക്കുന്ന സാഹചര്യം പോലുമില്ലെന്നും മാളവ്യ വ്യക്തമാക്കി.
തലപ്പാടി പഞ്ചായത്തില്‍ 9 അംഗങ്ങള്‍ ഉണ്ടായിരുന്ന എസ്ഡിപിഐയെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ട് സ്വതന്ത്രര്‍ പിന്തുണച്ചതോടെ കക്ഷിനില തുല്യമാകുകയായിരുന്നു. കക്ഷിനില തുല്യമായതോടെ നറുക്കെടുപ്പിലൂടെ എസ്ഡിപിഐ അംഗം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു എന്നാണ് ബിജെപി വ്യക്തമാക്കുന്നത്. ഈ വിഷയത്തെ ബിജെപിയുടെ പിന്തുണയോടെ എസ്ഡിപിഐ പഞ്ചായത്ത് ഭരണം നേടി എന്ന നിലയില്‍ പ്രചരിപ്പിക്കുകയായിരുന്നു എന്നാണ് ബിജെപി നിലപാട്.
തലപ്പാടി ഗ്രാമപഞ്ചായത്തില്‍ 24 അംഗങ്ങളാണ് ആകെയുള്ളത്. ബിജെപിക്ക് 11 അംഗങ്ങളും എസ്ഡിപിഐക്ക് 10 അംഗങ്ങളുമാണുള്ളത്. പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ കോണ്‍ഗ്രസിന്റെ ഒരംഗവും എസ്ഡിപിഐയുടെ ഒരംഗവും വിട്ടുനിന്നു. രണ്ട് സ്വതന്ത്രര്‍ എസ്ഡിപിഐയെ പിന്തുണച്ചു. ഇതോടെ ബിജെപിയുടെയും എസ്ഡിപിഐയുടെയും കക്ഷിനില 11 വീതമായി. ഇതോടെയാണ് ടോസ് വേണ്ടി വന്നത്.
ടോസില്‍ എസ്ഡിപിഐയുടെ ഇസ്മയില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. സംവരണസീറ്റായ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ബിജെപിയുടെ പുഷ്പാഷെട്ടി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ഇതിനെയാണ് മാധ്യമങ്ങള്‍ തെറ്റായി പ്രചരിച്ചതെന്നാണ് ബിജെപിയുടെ ആരോപണം. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് ബിജെപിയുടെ നിലപാട്.
Post Your Comments