തേഡ് പാർട്ടി വെബ് ബ്രൗസറുകളിലേക്ക് കൂടി ബിങ് എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. ഇതിലൂടെ, സഫാരി, ക്രോം ഉൾപ്പെടെയുള്ള വെബ് ബ്രൗസർ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കും ബിങ് ചാറ്റ്ബോട്ട് സേവനം ഉപയോഗിക്കാനാകും. തേഡ് പാർട്ടി ബ്രൗസറുകളിൽ ബിങ് ചാറ്റ്ബോട്ട് പരീക്ഷിക്കുന്നുണ്ടെന്ന സൂചനകൾ കഴിഞ്ഞ ജൂലൈയിൽ പ്രചരിച്ചിരുന്നെങ്കിലും, അന്ന് മൈക്രോസോഫ്റ്റ് ഔദ്യോഗിക സ്ഥിരീകരണങ്ങൾ നടത്തിയിരുന്നില്ല.
കൂടുതൽ ഉപഭോക്താക്കളിലേക്ക് ബിങ് ചാറ്റ് എഐ സേവനങ്ങൾ എത്തിക്കുന്നതിന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റിന്റെ പുതിയ നീക്കം. ബ്രൗസറുകളുടെ വെബ് പതിപ്പിലും, മൊബൈൽ പതിപ്പിലും ബിങ് ചാറ്റ് എത്തുന്നതാണ്. ലോകത്ത് ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന ബ്രൗസറായ ഗൂഗിൾ ക്രോമിൽ ബിങ് ചാറ്റ് എത്തുന്നതോടെ മൈക്രോസോഫ്റ്റിന്റെ സ്വീകാര്യത വർദ്ധിക്കുന്നതാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് മൈക്രോസോഫ്റ്റ് ബിങ് ചാറ്റ് സേവനം അവതരിപ്പിച്ചത്. ആദ്യ ഘട്ടത്തിൽ ബിങ് സെർച്ച് എഞ്ചിന് വേണ്ടി മാത്രമാണ് ബിങ് ചാറ്റ് രൂപകൽപ്പന ചെയ്തത്. സാധാരണ രീതിയിൽ സെർച്ച് ചെയ്യുന്നതിന് പകരം, ബിങ് ചാറ്റ് വളരെ എളുപ്പത്തിലും വേഗത്തിലും വിവരങ്ങൾ കണ്ടെത്താൻ ഉപഭോക്താക്കളെ സഹായിക്കുമെന്നതാണ് പ്രധാന പ്രത്യേകത. ഓപ്പൺ എഐയുടെ ലാംഗ്വേജ് മോഡൽ എഐ ഉപയോഗിച്ചാണ് ബിങ് ചാറ്റിന്റെയും പ്രവർത്തനം.
Post Your Comments