KeralaLatest News

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടും: വിഎൻ വാസവൻ

കോട്ടയം: പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ യുഡിഎഫിന്റെ ഭാഗത്ത് നിന്ന് വിശുദ്ധൻ പരാമർശം ഉയർന്നാൽ നിയമപരമായി നേരിടുമെന്ന് വിഎൻ വാസവൻ. തൃപ്പൂണിത്തുറയിൽ മതപരമായ കാര്യങ്ങളുയർത്തി പ്രചാരണം നടത്തിയ വിഷയത്തിൽ ഹൈക്കോടതി പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാർട്ടി നിലപാട് വ്യക്തമാക്കിയത്. മതപരമായ കാര്യങ്ങൾ തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യാൻ പാടില്ലെന്നും യുഡിഎഫ് നേതാക്കൾ തെരഞ്ഞെടുപ്പ് കമീഷന്റെ പെരുമാറ്റചട്ടങ്ങൾ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മതവികാരം ഉണർത്തുന്ന ഒന്നും പ്രചാരണ പ്രവർത്തനങ്ങളിൽ പാടില്ല. അങ്ങനെയുണ്ടായാൽ നിയമപരമായി തന്നെ അതിനെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഇടതുമുന്നണി ഇതുവരെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണ് കോൺഗ്രസ് സ്ഥാനാർത്ഥി. മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ അതൃപ്തനായിരുന്ന ഉമ്മൻചാണ്ടിയുടെ വിശ്വസ്തനെ കോൺഗ്രസ് നേതാക്കളടക്കം ഇടപെട്ട് അനുനയിപ്പിച്ചിട്ടുണ്ട്.

ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതല്ല, സ്ഥാനാർത്ഥികളെ പരിഗണിച്ചപ്പോൾ സ്ഥാനത്തേക്ക് പരിഗണിക്കാൻ അർഹതയുള്ള നേതാക്കളായ തങ്ങളെയൊന്നും എവിടെയും പരാമർശിക്കാതിരുന്നതാണ് പ്രകോപനത്തിന് കാരണമെന്നാണ് ഈ നേതാവിന്റെ വിശദീകരണം. ഇടത് നീക്കം തുടക്കത്തിലേ പാളിയെങ്കിലും പുതുപ്പള്ളിയിൽ പോര് കടുക്കുമെന്നത് വ്യക്തമാക്കുന്നതാണ് ഇപ്പോഴത്തെ സിപിഎം നിലപാട്. ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കണമെന്ന് അനുസ്മരണ യോഗത്തിൽ യുഡിഎഫ് ചെയർമാനായ വിഡി സതീശൻ തന്നെ നിലപാടെടുത്തിരുന്നു. ഇതിനായി സഭ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ നീക്കം.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button