കാശ്മീരിന്റെ പൈതൃകത്തിന്റെയും, സംസ്കാരത്തിന്റെയും ഭാഗമായ കുങ്കുമപ്പൂവിന് വിപണിയിൽ പൊന്നും വില. കാശ്മീരിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് സ്ഥിരമായ സംഭാവന നൽകുന്ന മേഖല കൂടിയാണ് കുങ്കുമപ്പൂവ് കൃഷി. നിലവിൽ, ഡിമാൻഡ് വർദ്ധിച്ചതോടെ ഒരു കിലോ കുങ്കുമപ്പൂവിന്റെ വില 3 ലക്ഷം രൂപയോളമാണ് ഉയർന്നിരിക്കുന്നത്. ഇത് കർഷകർക്ക് വലിയ തോതിൽ നേട്ടം കൈവരിക്കാൻ സഹായിച്ചിട്ടുണ്ട്.
കഴിഞ്ഞ വർഷവും കുങ്കുമപ്പൂവിന്റെ വിലയിൽ 63 ശതമാനത്തിലധികം വർദ്ധനവാണ് രേഖപ്പെടുത്തിയത്. നിലവിൽ, രാജ്യത്ത് കൃഷി ചെയ്യുകയും, വിൽക്കുകയും ചെയ്യുന്ന ഏറ്റവും വിലയേറിയ സുഗന്ധവ്യഞ്ജനങ്ങളുടെ പട്ടികയിൽ കാശ്മീരി കുങ്കുമപ്പൂവും ഇടം നേടിയിരിക്കുകയാണ്. ആഗോള വിപണിയിൽ ആവശ്യക്കാർ ഏറെയുള്ള കാശ്മീരി കുങ്കുമപ്പൂവിന് ജിഐ ടാഗ് ലഭിച്ചതോടെയാണ് വില റെക്കോർഡ് നിലവാരത്തിലേക്ക് എത്തിയത്.
ഏതാനും വർഷങ്ങൾക്കു മുൻപ് വരെ കാശ്മീരിലെ കുങ്കുമപ്പൂവ് വ്യവസായം തകർച്ചയിലായിരുന്നു. പ്രദേശത്തെ അശാന്തിയും, വിപണ കേന്ദ്രങ്ങളുടെ അഭാവവുമായിരുന്നു തകർച്ചയ്ക്ക് പിന്നിൽ. എന്നാൽ, ജിഐ ടാഗ് ലഭിച്ചത് ഈ മേഖലയിൽ പ്രത്യേക ഉണർവ് പകർന്നിട്ടുണ്ട്. 2023-ലെ കണക്കുകൾ പ്രകാരം, 10 ഗ്രാം കാശ്മീരി കുങ്കുമപ്പൂവ് 3,200 രൂപയ്ക്ക് മുകളിലാണ് വിൽക്കുന്നത്. ഒരു കിലോ കുങ്കുമപ്പൂവ് ഉൽപ്പാദിപ്പിക്കാൻ 1.5 ലക്ഷത്തിലധികം പൂക്കൾ ആവശ്യമാണ്.
Post Your Comments