പത്തനംതിട്ട: തിരുവല്ലയില്‍ കുടുംബവഴക്കിനെ തുടർന്ന് അച്ഛനെയും അമ്മയെയും മകന്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് അനിലിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കൃഷ്ണന്‍ കുട്ടി (72), ശാരദ (70) എന്നിവരാണ് കൊല്ലപ്പെട്ടത്. മാതാപിതാക്കളെ വെട്ടിക്കൊലപ്പെടുത്തിയശേഷം യുവാവ് നാട്ടുകാര്‍ക്ക് മുന്നിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പൊലീസ്.
ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം ഉണ്ടായത്. അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു അനില്‍ താമസിച്ചിരുന്നത്. കുടുംബവഴക്കിനെ തുടർന്നാണ് കൊലപാതകം. ആദ്യം അച്ഛനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി, പിന്നാലെ അമ്മയെയും ആക്രമിക്കുകയായിരുന്നു. ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയെങ്കിലും ഇയാള്‍ വെട്ടുകത്തിയുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ വെട്ടേറ്റ ദമ്പതിമാരെ ആശുപത്രിയിലെത്തിക്കാനും വൈകി. ആദ്യം സ്ഥലത്തെത്തിയ പോലീസിന് നേരേയും പ്രതി കയര്‍ത്തു. ഒടുവില്‍ കൂടുതല്‍പോലീസെത്തി നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ സാഹസികമായി കീഴ്‌പ്പെടുത്തിയെങ്കിലും വെട്ടേറ്റ മാതാപിതാക്കള്‍ ചോര വാർന്ന് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചിരുന്നു.
അനിലും മാതാപിതാക്കളും തമ്മില്‍ വര്‍ഷങ്ങളായി വഴക്കും പ്രശ്‌നങ്ങളും ഉണ്ടായിരുന്നതായി പ്രദേശവാസികൾ അറിയിച്ചു. മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ‘ഞാന്‍ എന്റെ കര്‍മം ചെയ്തു’ എന്നുപറഞ്ഞ് പ്രതി വീടിന് മുന്നില്‍നില്‍ക്കുകയായിരുന്നു എന്നാണ് സംഭവസ്ഥലത്ത് ആദ്യമെത്തിയ നാട്ടുകാരിലൊരാള്‍ പ്രതികരിച്ചത്. ‘കര്‍മം ചെയ്‌തെങ്കില്‍ മാറിനില്‍ക്ക്, അവരെ ആശുപത്രിയില്‍ കൊണ്ടുപോകട്ടെ’ എന്നു പറഞ്ഞപ്പോളും പ്രതി അതിന് സമ്മതിച്ചില്ല. ‘നിങ്ങള്‍ ആരും ഇനി നോക്കേണ്ടെ’ന്നായിരുന്നു മറുപടി. പ്രതി ലഹരി ഉപയോഗിച്ചിരുന്നതായും ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായും നാട്ടുകാര്‍ സംശയിക്കുന്നു.
Post Your Comments