KeralaLatest NewsNews

അബദ്ധത്തിൽ എഐ ക്യാമറ പിഴ ലഭിച്ചോ: പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള സംവിധാനം വരുന്നു

തിരുവനന്തപുരം: എഐ ക്യാമറ പിഴ തുകയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി സമർപ്പിക്കാനുള്ള കംപ്ലയിന്റ് റിഡ്രസൽ ആപ്ലിക്കേഷൻ സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്.

Read Also: ഓണം മുഖ്യമായും ആചരിക്കുന്നത് ഹിന്ദുക്കൾ, ബാങ്കൊലി ഉയരുമ്പോഴാണ്‌ നാമം ജപിക്കേണ്ട കാര്യം ഹിന്ദുക്കൾ ഓർക്കുന്നത്: ഷംസീർ

സംസ്ഥാനത്ത് എഐ ക്യാമറ സ്ഥാപിച്ച് രണ്ടുമാസം പിന്നിടുമ്പോൾ അപകടങ്ങളിലും മരണങ്ങളിലും ഗണ്യമായ കുറവുണ്ടായെന്നും മന്ത്രി പറഞ്ഞു. 2022 ജൂലൈ മാസത്തിൽ സംസ്ഥാനത്ത് 3316 റോഡ് അപകടങ്ങളിൽ 313 പേർ മരിക്കുകയും 3992 പേർക്ക് പരിക്കേൽക്കുകയുമുണ്ടായി. എന്നാൽ എഐ ക്യാമറ സ്ഥാപിച്ചതിനു ശേഷം രണ്ടാം മാസമായ 2023 ജൂലൈയിൽ സംസ്ഥാനത്ത് 1201 റോഡപകടങ്ങളിൽ 67 പേർ മരിക്കുകയും 1329 പേർക്ക് പരിക്ക് പറ്റുകയും ചെയ്തതായാണ് ഇതുവരെയുള്ള റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ അപകടങ്ങളും മരണങ്ങളും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. റോഡ് അപകടങ്ങളിൽ പരിക്കു പറ്റിയവർ ആശുപത്രികളിലുള്ളതിനാൽ മരണത്തിന്റെ എണ്ണത്തിൽ ഇനിയും വ്യത്യാസമുണ്ടാകാൻ സാധ്യതയുണ്ട്. ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ച് ആദ്യ മാസങ്ങളിൽ തന്നെ നിരവധി വിലപ്പെട്ട ജീവൻ രക്ഷിക്കുവാൻ സാധിച്ചു. ക്യാമറകളുടെ പ്രതിമാസ അവലോകനം ഇന്ന് ചേർന്ന ഉന്നതതല സമിതി വിലയിരുത്തുകയും ചെയ്തു.

ക്യാമറകൾ പ്രവർത്തനം ആരംഭിച്ച ജൂൺ 5 മുതൽ ഓഗസ്റ്റ് രണ്ടു വരെ 3242277 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 1583367 എണ്ണം വെരിഫൈ ചെയ്യുകയും 589394 കേസുകൾ ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് മോണിറ്ററിംഗ് സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയും382580 എണ്ണം ചെല്ലാനുകൾ തയ്യാറാക്കുകയും 323604 എണ്ണം തപാലിൽ അയക്കുകയും ചെയ്തു. കൂടുതൽ ജീവനക്കാരെ നിയമിച്ച് നിയമലംഘനങ്ങൾ വെരിഫൈ ചെയ്യുന്നത് വേഗത്തിൽ ആക്കിയതിനാലും കൂടുതൽ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മൾട്ടി ലോഗിൻ സൗകര്യം അനുവദിച്ചതിനാലും കഴിഞ്ഞ മാസത്തിലേക്കാൾ വളരെ കൂടുതൽ നിയമ ലംഘനങ്ങൾ പ്രോസസ്സ് ചെയ്യാൻ സാധിച്ചുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

Read Also: പെണ്‍കുട്ടിയുടെ കത്തിക്കരിഞ്ഞ മൃതദേഹം: കൂട്ടബലാത്സംഗത്തിന് ശേഷം കൊലപ്പെടുത്തിയതെന്ന് സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button