തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്ക്കാര നിർണയത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടുവെന്ന സംവിധായകൻ വിനയന്‍റെ പരാതി പരിശോധിക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി. വിനയൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സാംസ്കാരിക വകുപ്പിനോടാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയത്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ജൂറിയുടെ തീരുമാനത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണവുമായി സംവിധായകൻ വിനയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫേസ്ബുക്ക് കുറിപ്പിലാണ് വിനയൻ ആരോപണം ഉന്നയിച്ചത്. തെളിവുകൾ തന്റെ പക്കലുണ്ടെന്നും, വേണ്ടിവന്നാൽ അത് മാധ്യമങ്ങൾക്ക് കൈമാറുമെന്നും വിനയൻ വ്യക്തമാക്കി.
തെളിവ് അടങ്ങിയ ഓഡിയോ റെക്കോഡ് ഉൾപ്പെടെയാണ് മുഖ്യമന്ത്രിക്ക് വിനയൻ പരാതി നൽകിയത്. അവാർഡ് നിർണയത്തിൽ അന്വേഷണം വേണമെന്നും അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഇടപെട്ടിട്ടുണ്ടെങ്കിൽ നടപടി വേണമെന്നുമാണ് പരാതിയിലെ ആവശ്യം. സർക്കാർ നടപടി എടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നും വിനയൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയ ഘട്ടത്തിൽ വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന ചിത്രത്തെ പുരസ്കാര പട്ടികയിൽ നിന്ന് ഒഴിവാക്കാൻ രഞ്ജിത് ശ്രമിച്ചുവെന്ന് വിനയൻ ആരോപിച്ചു. വിനയന്റെ ആരോപണത്തിന് ജൂറി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ പിന്തുണയുമായി എത്തിയിരുന്നു. അന്തിമ പുരസ്കാര വിധി നിർണയ ജൂറി അംഗങ്ങളായിരുന്ന ജെൻസി ഗ്രിഗറിയും നേമം പുഷ്പരാജുമാണ് ആരോപണങ്ങൾ ശരിവെച്ച് രംഗത്തെത്തിയത്.
Leave a Comment