Latest NewsKeralaNews

‘മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ’; ഗണപതിയെ അപമാനിച്ച ഷംസീറിന് എസ്.എഫ്.ഐയുടെ പിന്തുണ

തിരുവനന്തപുരം: ഹിന്ദു ദൈവങ്ങളെ അപമാനിച്ച സ്പീക്കർ എ.എൻ ഷംസീറിനെതിരെ സോഷ്യൽ മീഡിയകളിൽ നടക്കുന്ന ആക്രമണങ്ങളിൽ പ്രതികരിച്ച് എസ്.എഫ്.ഐ. മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ കുറേ വർഷങ്ങളായി ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ എസ്.എഫ്.ഐ ഷംസീറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

എസ്.എഫ്.ഐയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മിത്തിനെ ശാസ്ത്രമായി അവതരിപ്പിക്കുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെ അണിനിരക്കുക; നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിന് ഐക്യദാർഢ്യം: എസ്എഫ്ഐ
മിത്തുകളെയും പുരാണങ്ങളെയും ചരിത്രവും ശാസ്ത്രവുമായി അവതരിപ്പിക്കാനുള്ള നീക്കം കഴിഞ്ഞ കുറേ വർഷങ്ങളായി ആർഎസ്എസ് നടത്തിക്കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡി തന്നെ അത്തരം നീക്കങ്ങൾക്ക് നേതൃത്വം നൽകുന്ന കാഴ്ചയും നാം കണ്ടതാണ്. പ്രധാനമന്ത്രിയായി സ്ഥാനമേറ്റു മാസങ്ങൾക്കുള്ളിൽ തന്നെ മുംബൈയിൽ വെച്ച് ഡോക്ടർമാരെ അഭിസംബോധന ചെയ്യുമ്പോൾ കർണൻ്റെ ജനനം ജനറ്റിക് സയൻസിൻ്റെ ഉദാഹരണമായും, ഗണപതിയുടെ തല പ്ലാസ്റ്റിക് സർജറിയുടെ ഉദാഹരണമായുമാണ് പ്രധാനമന്ത്രി തൻ്റെ പ്രസംഗത്തിൽ സൂചിപ്പിച്ചത്. വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി സത്യപാൽ സിംഗ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ റൈറ്റ് സഹോദരന്മാരുടെ വിമാനത്തിന് പകരം ‘ പുഷ്പകവിമാനത്തെ ‘ പറ്റി പഠിക്കണമെന്ന് പ്രസംഗിച്ച അനുഭവവും നമ്മുടെ മുമ്പിൽ ഉണ്ട്. ഇതിൻ്റെയെല്ലാം തുടർച്ചയായാണ് പുതിയ ദേശീയ വിദ്യാഭ്യാസനയം ഇന്ത്യൻ പാർലമെൻ്റ് കാണാതെ ഒളിച്ചു കടത്തി അതുപയോഗിച്ച് വിദ്യാഭ്യാസത്തിൻറെ കാവിവത്കരണം പൂർണമാക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര സർക്കാർ നടത്തിക്കൊണ്ടിരിക്കുന്നത്. ജീവശാസ്ത്രത്തിൻ്റെ അടിസ്ഥാന സിദ്ധാന്തമായ പരിണാമത്തെ കുറിച്ച് NCERT വിദ്യാർത്ഥികൾ ഇനി പഠിക്കേണ്ട എന്ന തീരുമാനമുൾപ്പെടെയുള്ള സിലബസ് പരിഷ്കരണങ്ങൾ ഈ നീക്കത്തിൻ്റെ ഭാഗമാണ്. എസ്.എഫ്.ഐയുടെ മുൻ സംസ്ഥാന സെക്രട്ടറി കൂടിയായ കേരള നിയമസഭാ സ്പീക്കർ സ. എ.എൻ ഷംസീർ പുതിയ തലമുറയിലെ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യുന്ന വേദിയിൽ നടത്തിയ പ്രസംഗം വിദ്യാഭ്യാസത്തെ കാവിവത്കരിക്കാനും, മിത്തുകളെ ശാസ്ത്രമായി അവതരിപ്പിക്കാനുമുള്ള സംഘപരിവാർ നീക്കങ്ങളെ തുറന്ന് കാണിക്കുന്നതാണ്. ഇതാണ് ആർഎസ്എസ് കേന്ദ്രങ്ങളെ ചൊടിപ്പിച്ചത്. സംഘപരിവാർ നീക്കങ്ങളെ വിമർശിച്ചാൽ ഹിന്ദുമതത്തെ അധിക്ഷേപിക്കൽ ആണെന്ന ആർഎസ്എസ് കുപ്രചരണം കേരളത്തിൽ വിലപോവില്ല എന്നത് വ്യക്തമാണ്. എന്നാൽ കേരളത്തിലെ നവോത്ഥാന മുന്നേറ്റങ്ങളിൽ മുൻകാലങ്ങളിൽ നല്ല പങ്കുവഹിച്ച ഒരു സാമുദായിക സംഘടന ആർഎസ്എസ് ചതിക്കുഴിയിൽ ചെന്നു വീണിരിക്കുകയാണ്. സ്പീക്കർക്കെതിരെ അവർ സ്വീകരിച്ച സമീപനം അവരുടെ പൂർവികർ നടത്തിയ നവോത്ഥാന പോരാട്ടങ്ങളെ വിസ്മരിക്കുന്നതാണ്.
മിത്തിനെ ശാസ്ത്രമായും ചരിത്രമായും അവതരിപ്പിക്കുന്ന സംഘപരിവാർ അജണ്ടയ്ക്കെതിരെയും കേരള നിയമസഭയുടെ സ്പീക്കർ സ. എ.എൻ ഷംസീറിനെതിരെ നടക്കുന്ന വർഗീയത നിറഞ്ഞ ആക്രമണങ്ങൾക്കെതിരെയും കേരളത്തിലെ ക്യാമ്പസുകളിൽ ശക്തമായ പ്രതിഷേധം ഉയർത്തിക്കൊണ്ടുവരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻ്റ് കെ അനുശ്രീ, സെക്രട്ടറി പി.എം ആർഷോ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button