ആലുവ: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി അസ്ഫാഖ് ആലം കുട്ടിയെ കൊണ്ടു പോകുന്നത് കണ്ടത് കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞതായി സാക്ഷി മൊഴി. കസ്റ്റഡിയിലെടുത്ത കോഴിക്കടക്കാരനാണ് പൊലീസിനോട് ഇക്കാര്യം പറഞ്ഞത്. ജോലി സ്ഥലത്തായിരുന്ന കുട്ടിയുടെ അച്ഛനെ വിളിച്ചു പറഞ്ഞു എന്നാണ് മൊഴി. ഇയാളാണ് അഫ്സാഖ് ആലത്തിന് പ്രദേശത്തെ വാടക വീട് ശരിയാക്കി നൽകിയത്. ഇക്കാര്യം ശരിയാണോ എന്ന് പൊലീസ് പരിശോധിക്കും.
അതേസമയം, കേസിലെ പ്രതിയുടെ തിരിച്ചറിയൽ പരേഡ് നടത്തും. ആലുവ മജിസ്‌ട്രേറ്റ് – II ന്റെ മേൽനോട്ടത്തിൽ ആലുവ സബ് ജയിലിനുള്ളിൽ വച്ചായിരിക്കും തിരിച്ചറിയൽ പരേഡ് നടത്തുക. പൊലീസ് കസ്റ്റഡിയിൽ വിടുന്നതിന് മുൻപേയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നടപടി.
എറണാകുളം സിജെഎം കോടതിയാണ് പരേഡിനുള്ള അനുമതി നൽകിയത്. പ്രതിയായ അസ്ഫാക് ആലത്തെ കൂടുതൽ ചോദ്യം ചെയ്യാൻ വേണ്ടി കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന പൊലീസിന്റെ അപേക്ഷ എറണാകുളം പോക്സോ കോടതി നാളെ പരിഗണിക്കും.
ഒൻപത് വകുപ്പുകളാണ് പ്രതിയായ അസഫാക് ആലത്തിനെതിരെ ചുമത്തിയിരിക്കുന്നത്. പ്രതി കൃത്യം നടത്തിയത് ഒറ്റയ്ക്കായിരുന്നുവെന്നും ഈ സമയത്ത് പ്രതി മദ്യപിച്ചിരുന്നില്ലെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പോക്സോ വകുപ്പ്, തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, കൊലപാതകം, തെളിവ് നശിപ്പിക്കൽ അടക്കമുള്ള വകുപ്പുകളാണ് ഇപ്പോൾ ചുമത്തിയിരിക്കുന്നത്. ആലുവയിലെ കൊലപാതകത്തിൽ മറ്റാരുടെയെങ്കിലും സഹായമുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ ഇതുവരെ പൊലീസിന് തീർച്ചയില്ല. ഇതിലൊരു കൃത്യത വരുത്താനും ചോദ്യം ചെയ്യലിലൂടെ സാധിക്കുമെന്നാണ് പൊലീസ് കരുതുന്നത്.
Post Your Comments