തിരുവനന്തപുരം: യുവാക്കൾ സഞ്ചരിച്ച ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പതിനേഴുകാരൻ മരിച്ചു. കാഞ്ഞിരംകുളം മേലെവിളാകം ലക്ഷംവീട് കോളനിയിൽ ബിജു- സുനി ദമ്പതികളുടെ മകൻ പൊന്നു എന്ന് വിളിക്കുന്ന ബിജിത്ത് (17) ആണ് മരിച്ചത്. കാഞ്ഞിരംകുളം ജംഗ്ഷനിലെ പൂക്കടയിലെ തൊഴിലാളിയാണ്.
Read Also : ഇന്‍സ്റ്റഗ്രാം വഴി പരിചയം, ആത്മഹത്യാ ഭീഷണി മുഴക്കി പത്താം ക്ലാസുകാരിയെ പീഡിപ്പിച്ചു: പ്രതിക്ക് 40 വർഷം തടവ്
ഞായറാഴ്ച്ച അർധരാത്രി കാഞ്ഞിരംകുളം തടത്തിക്കുളത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ മറ്റൊരു ബൈക്ക് യാത്രികനായ കാഞ്ഞിരംകുളം പൊട്ടക്കുളം സുകുമാരന്റെ മകൻ സതീശൻ (28) ആശുപത്രിയിൽ ചികിത്സയിലാണ്. ബിജിത്ത് കടയിൽ നിന്നും ജോലി കഴിഞ്ഞ് നെല്ലിമൂട്ടിലേയ്ക്ക് പോകുന്നതിനിടെ നെല്ലിമൂട്ടിൽ നിന്നും കാഞ്ഞിരംകുളത്തേയ്ക്ക് വരികയായിരുന്ന സതീശന്റെ ബൈക്കുമായി കൂട്ടിയിടിച്ചായിരുന്നു അപകടമെന്ന് പൊലീസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ ബിജിത്തിനെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകിയ മൃതദേഹം വൈകിട്ട് മൂന്ന് മണിയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു. ബിജിൽ ഏക സഹോദരനാണ്.
Post Your Comments