എറണാകുളം: ആലുവയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ അഞ്ചു വയസുകാരിയുടെ സംസ്കാരം ഇന്ന് നടക്കും. കീഴ്മാട് പഞ്ചായത്ത് ശ്മശാനത്തിൽ പത്തുമണിക്കാണ് സംസ്കാരം. കുട്ടി പഠിച്ച തായ്ക്കാട്ടുകര സ്കൂളിൽ 7.30നു മൃതദേഹം പൊതുദർശനം കഴിഞ്ഞാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കേസിലെ പ്രതി അസ്ഫാഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.പീഡനത്തിന് ശേഷം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചായിരുന്നു കൊലയെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്.
കുട്ടിയുടെ രഹസ്യഭാഗങ്ങളിലടക്കം മുറിവുകൾ ഉള്ളതായാണ് പരിശോധനയിൽ കണ്ടെത്തിയത്. കല്ലുകൊണ്ട് തലയ്ക്കടിച്ചതായും കണ്ടെത്തി. ആലുവ മാർക്കറ്റിൽ നിന്ന് ഇന്നലെ ഉച്ചയോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ചാക്കിൽ കെട്ടിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകം നടത്തിയത് അസ്ഫാഖ് ആലം തനിച്ചാണെന്ന നിഗമനത്തിലാണ് പൊലീസ്. കൊല നടത്തിയത് വെള്ളിയാഴ്ച വൈകിട്ട് 5.30 നാണെന്നാണ് പ്രതിയുടെ മൊഴി.
കുട്ടിയുടെ സ്വകാര്യ ഭാഗത്തും ആന്തരിക അവയവങ്ങൾക്കും മുറിവുണ്ട്. ശരീരത്തിലെ മറ്റു മുറിവുകൾ ബലപ്രയോഗത്തിനിടെ സംഭവിച്ചതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. കളമശ്ശേരി മെഡിക്കൽ കോളേജിലാണ് പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായത്. പ്രതിയുടെ വൈദ്യപരിശോധന പൂർത്തിയായി. പെൺകുട്ടി ക്രൂരപീഡനത്തിനിരയായെന്നും കൊല്ലപ്പെട്ടത് പീഡനത്തിനിടെയെന്നും പൊലിസ് പറഞ്ഞു.
നേരത്തെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് അസ്ഫാഖുമായി പൊലീസ് എത്തിയപ്പോൾ, നാട്ടുകാർ പ്രകോപിതരായി. പ്രതിയെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിക്കാനുള്ള ശ്രമങ്ങളുമുണ്ടായി. നേരത്തെ മൊബൈൽ ഫോൺ കേസിൽ പ്രതിയായ അസ്ഫാഖ് സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. 21 മണിക്കൂറിലേറെ നടത്തിയ തിരച്ചിലിനൊടുവിലാണ്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
Post Your Comments