തിരുവനന്തപുരം: ചാലയിൽ വ്യാപാര സ്ഥാപനങ്ങളിൽ മിന്നൽ പരിശോധന. വ്യാപാര സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ 751 കിലോ നിരോധിത പ്ലാസ്റ്റിക് പിടിച്ചെടുത്തു. മാലിന്യ സംസ്കരണ നിയമ ലംഘനങ്ങൾ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നിയോഗിച്ച പ്രത്യേക ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. പ്ലാസ്റ്റിക് ഉൽപന്നങ്ങളായ ക്യാരി ബാഗുകൾ, സ്പൂണുകൾ, പ്ലേറ്റുകൾ, ഗ്ലാസുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
കമ്പോളത്തിനുള്ളിൽ പ്രവർത്തിക്കുന്ന ലക്കി ട്രേഡേഴ്സ് എന്ന മൊത്ത വ്യാപാര സ്ഥാപനത്തിന്റെ ഇറക്കുമതി ലോറിയിൽനിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വൻ ശേഖരമാണ് പിടികൂടിയത്. മറ്റ് ലഘുവ്യാപാര സ്ഥാപനങ്ങളിൽനിന്ന് കച്ചവടം നടത്താനായി സൂക്ഷിച്ചിരുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. പിടിച്ചെടുത്ത വസ്തുക്കൾ തിരുവനന്തപുരം നഗരസഭക്ക് കൈമാറി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് സ്ക്വാഡ് അറിയിച്ചു.
ജില്ല ശുചിത്വ മിഷൻ എൻഫോഴ്സ്മെന്റ് ഓഫീസർ, തദ്ദേശ വകുപ്പ് ജോയന്റ് ഡയറക്ടറുടെ പ്രതിനിധികൾ, പൊലീസ്, തിരുവനന്തപുരം നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. തദ്ദേശ വകുപ്പ് ജില്ല ജോയന്റ് ഡയറക്ടർ ചെയർമാനും ശുചിത്വ മിഷൻ കോഓഡിനേറ്റർ ജില്ല നോഡൽ ഓഫീസറുമായാണ് എൻഫോസ്മെന്റ് സ്ക്വാഡ് രൂപവത്കരിച്ചത്.
Post Your Comments