ന്യൂഡൽഹി; തുടർച്ചയായി പാർലമെന്റ് നടപടിക്രമങ്ങൾ തടസപ്പെടുത്തുന്നതിൽ പ്രതിപക്ഷ പാർട്ടികളെ വീണ്ടും വിമർശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. രാജ്യപുരോഗതിയെക്കാൾ പക്ഷപാത രാഷ്ട്രീയമാണ് പ്രതിപക്ഷത്തിന് താൽപര്യമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വിദേശനയവുമായി ബന്ധപ്പെട്ട പ്രധാന കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ ഒരുങ്ങുമ്പോഴാണ് തന്റെ പ്രസംഗം പ്രതിപക്ഷ അംഗങ്ങൾ തുടർച്ചയായി തടസപ്പെടുത്തുന്നതെന്ന് ജയശങ്കർ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ 9 വർഷങ്ങളായി ഭരണം നഷ്ടപ്പെട്ട കോൺഗ്രസിന്റെ നേതൃത്വത്തിൽ പാർലമെന്റ് തടസപ്പെടുത്തുന്നതിന് ഒരു കാരണം കണ്ടെത്തിയാണ് പ്രതിപക്ഷം പ്രവർത്തിക്കുന്നതെന്ന് ജയശങ്കർ കുറ്റപ്പെടുത്തി.
ഇന്നലെയും ജയശങ്കറിന്റെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയിരുന്നു. രാജ്യത്തിന്റെ വിദേശനയവുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ പാർലമെന്റിനെയും രാജ്യത്തെ ജനങ്ങളെയും അറിയിക്കാനായിരുന്നു താൻ ശ്രമിച്ചതെന്ന് ജയശങ്കർ പറഞ്ഞു.
നിർണായക മേഖലകളിൽ നമ്മുടെ ദേശതാൽപര്യം മുൻനിർത്തിയുളള ചുവടുവെയ്പുകൾ രാജ്യം നടത്തിയതുൾപ്പെടെയാണ് പറയാൻ ശ്രമിച്ചത്. പക്ഷെ പാർലമെന്റിന്റെ ഇരുസഭകളിലും തന്റെ പ്രസംഗം പ്രതിപക്ഷം ആവർത്തിച്ച് തടസപ്പെടുത്തുകയായിരുന്നു.
Post Your Comments